നീലഗിരി (തമിഴ്‌നാട്) : നീലഗിരി ജില്ലയിലെ കൂടല്ലൂരിന് സമീപം ചെമുണ്ടി ആദിവാസി ഊരിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് വീട്ടുജോലിക്കായി കടത്താൻ ശ്രമിച്ചത് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം. കേരള രജിസ്ട്രേഷനിലുള്ള രണ്ട് വാഹനങ്ങളിലായി ചിലർ ഇന്നലെ രാത്രി ഊരിൽ എത്തിയിരുന്നു.

രാവിലെ പെൺകുട്ടികളെ വാഹനത്തിലുണ്ടായിരുന്നവർ കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിൽ സംശയം തോന്നിയ നാട്ടുകാരും പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് വാഹനം തടഞ്ഞുനിർത്തി പെൺകുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ വാഹനത്തിൽ കേരളത്തിൽ നിന്നുള്ള ദമ്പതികൾ ഉണ്ടായിരുന്നു.ഇവരെ തടഞ്ഞുവച്ച് വിവരം നാട്ടുകാർ കൂടല്ലൂർ പൊലീസിനെ അറിയിച്ചു.

പൊലീസ് സ്ഥലത്ത് എത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ പെൺകുട്ടികളെ വീട്ടുജോലിക്കായി കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു മെന്ന് സമ്മതിച്ചു. സംഭവത്തിൽ അന്വേഷണത്തിന് കൂടല്ലൂർ ആർ.ഡി.ഒ ഉത്തരവിട്ടിട്ടുണ്ട്.മുമ്പ് ആദിവാസി ഊരിൽ പെൺകുട്ടികളെ വീട്ടുജോലിക്കായി കേരളത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.