എറ്റുമാനൂര്‍: ഭര്‍ത്താവും പെണ്‍സുഹൃത്തും ചേര്‍ന്ന് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടതായി പരാതി. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനം എന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തും പ്രതിയാമെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ ഭാര്യയെ മര്‍ദിച്ച ശേഷം ഭര്‍ത്താവും ഒപ്പം ഉണ്ടായിരുന്ന പെണ്‍സുഹൃത്തും ചേര്‍ന്ന് തന്നെ കിണറ്റിലേക്ക് തള്ളുകയായിരുന്നു. പിന്നാലെ ഭര്‍ത്താവും കിണറ്റില്‍ ചാടി വീണ്ടും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

ഏറ്റുമാനൂര്‍ പുന്നത്തുറയിലെ വാടക വീട്ടിലാണ് 37 വയസ്സുള്ള യുവാവും 35 വയസ്സുള്ള ഭാര്യയും താമസിച്ചിരുന്നത്. കിണറ്റില്‍ നിന്നും നിലവിളി കേട്ട നാട്ടുകാരാണ് എറ്റുമാനൂര്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ എത്തി അതീവ ശ്രദ്ധാപൂര്‍വം കിണറ്റില്‍ നിന്നും സുരക്ഷിതമായി ഇവരെ പുറത്തെടുക്കുകയായിരുന്നു.

ശേഷം ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യക്ക് കെക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവിനും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി കുടുംബപ്രശ്‌നത്തലായിരുന്നു. ഭര്‍ത്താവ് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് ഭാര്യ നേരത്തെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയതിന്റെ പേരിലാണ് ഈ ആക്രമണം ഭര്‍ത്താവ് നടത്തിയതെന്നാണ് പോലീസ് നിഗമനം.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. തുടര്‍ന്നാണ് പെണ്‍ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റില്‍ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു.

ഭാര്യയുടെ മൊഴി ആധികാരികമായി രേഖപ്പെടുത്തുന്നതിന് ശേഷം ക്രിമിനല്‍ കേസെടുക്കുന്നതു സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം പെണ്‍സുഹൃതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.