കൊല്ലം: കൊല്ലം കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് പിടിയില്‍. ചിതറ ചല്ലിമുക്ക് ഷൈനി ഭവനില്‍ ജോഷി എന്നറിയപ്പെടുന്ന സതീഷി(37)നെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം.

സതീഷ് തന്റെ വീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെണ്‍സുഹൃത്ത് സുജിത സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി ഉപയോഗിച്ച് വയറ്റില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നും നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പരാതിപ്പെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവതി അന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും പെണ്‍സുഹൃത്തും ഒളിവില്‍ പോയിരുന്നു.

സതീഷ് തന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നു പറഞ്ഞാണ് അവരെ സുജിത വിളിച്ചു വരുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ അവര്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. മാര്‍ച്ച് 28ന് രണ്ടാം പ്രതി സുജിതയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

സതീഷിനെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ അടക്കം ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

2018ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പരാതിക്കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി, പോക്‌സോ കേസില്‍ ജയിലിലാകുകയും പുറത്തിറങ്ങി മൂന്നു വര്‍ഷത്തിനു ശേഷം ഇവരെ വിവാഹം കഴിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. കേസ് തീര്‍ന്ന ഇയാള്‍ രണ്ടാം പ്രതിയുമായി ചേര്‍ന്ന് പരാതിക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാംപ്രതി സതീഷും രണ്ടാം പ്രതിയായ പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കടയ്ക്കല്‍ സ്റ്റേഷനില്‍ നാലു കേസും ചിതറ സ്റ്റേഷനില്‍ രണ്ടു കേസും പാങ്ങോട് സ്റ്റേഷനില്‍ ഒരു കേസും വലിയമല സ്റ്റേഷനില്‍ ഒരു കേസും ഇയാളുടെ പേരില്‍ നിലവിലുണ്ട്. പോക്‌സോ കേസ് ഉള്‍പ്പെടെ സ്ത്രീപീഡന കേസുകളാണ് കൂടുതലും.