- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്പതിമാർ തമ്മിൽ പതിവായി വഴക്ക്; കൗൺസിലിങ്ങും ഫലം കണ്ടില്ല; വീട്ടിലെത്തിയത് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചുറച്ച്; അവസാനത്തെ അത്താഴമെന്ന് പറഞ്ഞു; കോട്ടയത്തെ കൊലപാതകത്തിൽ നിർണായകമായി സുഹൃത്തിന്റെ മൊഴി
കോട്ടയം: കോട്ടയം അയർക്കുന്നം അമയന്നൂർ പൂതിരിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യലഹരിയിലാണ് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തത് എന്ന് സൂചിപ്പിക്കുന്ന നിർണായക സാക്ഷി മൊഴികൾ ലഭിച്ചതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അയർക്കുന്നം അയ്യൻ കുന്ന് സ്വദേശി സുനിൽകുമാർ (52) ഭാര്യ മഞ്ജുളയെ (48) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നു കൗൺസിലിങ്ങ് പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയ ദമ്പതികളെയാണ് ദിവസങ്ങൾക്കം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടയം അമയന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഞായറാഴ്‌ച്ച വൈകിട്ട് ഏഴ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ ആദ്യം കണ്ടത്. വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകൻ കണ്ടത് പിതാവ് തൂങ്ങി നിൽക്കുന്നതും, മാതാവ് ബോധരഹിതയായി വീണു കിടക്കുന്നതുമാണ്.
മകന്റെ നിലവിളി കേട്ടാണ് അയൽവാസികൾ സംഭവം അറിഞ്ഞത്. നാട്ടുകാർ എത്തുമ്പോൾ രണ്ടു പേർക്കും ജീവനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാർ രണ്ടു പേരെയും ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ഇരുവരും തമ്മിൽ മുൻപ് കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. എന്നാൽ, ഇതെല്ലാം കൗൺസിലിംങിലൂടെ പരിഹരിച്ച് സമാധാനപരമായ കുടുംബ ജീവിതം തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. വീട്ടിൽ എന്ത് സംഭവിച്ചു എന്നോ ഇവർ തമ്മിൽ വഴക്കുണ്ടായോ എന്നെല്ലാം പൊലീസ് അന്വേഷിച്ചിരുന്നു.
ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കാൻ തീരുമാനിച്ചുറപ്പിച്ചാണ് സുനിൽ വീട്ടിൽ എത്തിയതെന്നാണ് സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്ന നിഗമനം. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം സുനിൽകുമാർ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് അനുമാനം.
സംഭവം നടക്കുന്ന സമയത്ത് ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ദമ്പതിമാർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വഴക്കിനു മുമ്പ് സുഹൃത്തുമൊത്ത് സുനിൽ മദ്യപിച്ചിരുന്നെന്ന സൂചനയും പൊലീസ് കിട്ടി. തന്റെ അവസാനത്തെ അത്താഴമാണ് ഇതെന്ന് സുനിൽ പറഞ്ഞതായി സുഹൃത്തും വെളിപ്പെടുത്തി.
എഞ്ജിനിയറിങ് വിദ്യാർത്ഥിയായ മകനെ കൂടാതെ ദമ്പതിമാർക്ക് അക്ഷര എന്ന മകളുമുണ്ട്. സുനിൽ കാർപെന്ററും, ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. മകൾ - അക്ഷര സുനിൽ (ബ്യൂട്ടിഷ്യൻ), മകൻ ദേവാനന്ദ് സുനിൽ (എഞ്ചിനീയറിംങ് വിദ്യാർത്ഥി). അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ