- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹം കഴിഞ്ഞിട്ട് 2 മാസം; അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ദമ്പതികൾ; ആ രാത്രി എല്ലാം കീഴ്മേൽ മറിഞ്ഞു; ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ് ജീവനൊടുക്കി; മരിച്ച മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ മുൻ കോൺഗ്രസ് എംപിയുടെ അനന്തിരവൻ

അഹമ്മദാബാദ്: നവദമ്പതിമാരെ അഹമ്മദാബാദിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരണങ്ങൾ പുറത്ത്. ഗുജറാത്ത് മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിങ് ഗോഹിൽ ഭാര്യ രാജേശ്വരിയെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ട് മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.
തർക്കത്തിനിടെ യഷ്‌രാജ്‌സിങ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യഷ്‌രാജ്‌സിങ് 108 എമർജൻസി സർവീസിലേക്ക് വിളിക്കുകയും, രാജേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ യഷ്‌രാജ്‌സിങ് ഫ്ളാറ്റിലെ മറ്റൊരു മുറിയിൽ പോയി അതേ തോക്കുപയോഗിച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്നും പോലീസ് വ്യക്തമാക്കി.
ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശക്തിസിങ് ഗോഹിലിന്റെ അനന്തരവനാണ് യഷ്‌രാജ്‌സിങ്. ദമ്പതിമാരുടെ മരണത്തിൽ കോൺഗ്രസ് വക്താവ് മനീഷ് ദോഷി ദുഃഖം രേഖപ്പെടുത്തി. "കുടുംബം മുഴുവൻ ഞെട്ടലിലാണ്. ഇത് വളരെ വേദനാജനകമായ ഒരു സാഹചര്യമാണ്," ദോഷി പറഞ്ഞു. യാഷ്‌രാജിനെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും, അദ്ദേഹം വളരെ സന്തോഷവാനായ വ്യക്തിയായിരുന്നുവെന്നും ദോഷി കൂട്ടിച്ചേർത്തു. അടുത്തിടെയാണ് അദ്ദേഹം മാരിടൈം ബോർഡ് പരീക്ഷയിൽ വിജയിച്ച് ജോലിയിൽ പ്രവേശിച്ചത്. യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കവേയാണ് ഈ ദാരുണ സംഭവം.
എന്നാൽ, വിവാഹം കഴിഞ്ഞ് ദിവസങ്ങളിൽ ദമ്പതികൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും, അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. യാഷ്‌രാജിന് തന്റെ റിവോൾവർ ഉപയോഗിച്ച് കളിക്കുന്ന ശീലമുണ്ടായിരുന്നതായും, അബദ്ധത്തിൽ വെടിയുതിർന്ന് ഭാര്യ മരിച്ചതാകാമെന്നും അവർ അവകാശപ്പെട്ടു. ഡോക്ടർമാർ രാജേശ്വരിയുടെ മരണം സ്ഥിരീകരിച്ചപ്പോൾ മാനസികമായി തകർന്ന് യഷ്‌രാജ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കളുടെ വാദം. ഈ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


