ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് പള്ളിച്ചന്തയിൽ വച്ച് രാജേഷ് സ്‌കൂട്ടറിലെത്തിയ അമ്പിളിയെ കുത്തികൊല്ലുകയായിരുന്നു.

കൊലപാതകത്തിനു ശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണു വിവരം. തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി ചേർത്തല കേളമംഗലം സ്വദേശിയാണ്.

സ്‌കൂട്ടറിൽ വരുമ്പോഴാണ് ഭർത്താവ് രാജേഷ് ആക്രമിച്ചത്. കുത്തിയ ശേഷം ഇയാൾ രക്ഷപെട്ടു. കുത്തേറ്റ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.