- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ താലി കെട്ടി; സാമ്പത്തിക തർക്കം വില്ലനായി; ചൂതുകളിച്ച് കാശ് കളഞ്ഞത് വൈരാഗ്യമായി; ഭർത്താവിനെ ഭാര്യയും വീട്ടുകാരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊന്നു; കെട്ടിത്തൂക്കിയത് ആത്മഹത്യയെന്ന് വരുത്താൻ; നാടിനെ നടുക്കിയ ക്രൂരത ഇങ്ങനെ

ബറേലി: പ്രണയവിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപേ ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യയും കുടുംബവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലിയിൽ 33-കാരനായ ജിതേന്ദ്ര യാദവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ ജ്യോതി, ഇവരുടെ മാതാപിതാക്കളായ കാളിചരൺ, ചമേലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26-നാണ് ജിതേന്ദ്രയെ ഇസത് നഗറിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചുള്ള മരണം ആണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭാര്യ ജ്യോതി, അവരുടെ മാതാപിതാക്കൾ, സഹോദരൻ എന്നിവർ ചേർന്ന് ജിതേന്ദ്രയെ ബലമായി പിടിച്ചുവെച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. തുടർന്ന് മൃതദേഹം ജനൽ ഗ്രില്ലിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു, സഹോദരനായി തിരച്ചിൽ തുടരുന്നു.
വിദ്യാർത്ഥിക്കാലം മുതൽ പ്രണയത്തിലായിരുന്ന ജ്യോതിയും ജിതേന്ദ്രയും കഴിഞ്ഞ വർഷം നവംബർ 25-നാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ പണത്തെച്ചൊല്ലി ഇവർക്കിടയിൽ തർക്കം തുടങ്ങി. ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപ ജിതേന്ദ്ര പിൻവലിക്കുകയും ഓൺലൈൻ ചൂതാട്ടത്തിലൂടെ അത് നഷ്ടപ്പെടുത്തുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് പോലീസ് പറയുന്നു. ജനുവരി 26-ന് ഈ വിഷയത്തെച്ചൊല്ലിയുണ്ടായ വഴക്ക് കൈയാങ്കളിയിൽ കലാശിച്ചു. ഇതോടെ ജ്യോതി തന്റെ മാതാപിതാക്കളെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, ജ്യോതിയുടെ അച്ഛൻ കാളിചരൺ, അമ്മ ചമേലി, സഹോദരൻ ദീപക് എന്നിവർ വീട്ടിലെത്തി. സംഘർഷത്തിനിടെ മാതാപിതാക്കളും സഹോദരനും ചേർന്ന് ജിതേന്ദ്രയുടെ കൈകാലുകൾ പിടിച്ചുവെക്കുകയും ഈ സമയം ജ്യോതി ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം കൊലപാതക വിവരം മറയ്ക്കാൻ കുടുംബം ശ്രമിച്ചു. മൃതദേഹം ജനൽ ഗ്രില്ലിൽ കെട്ടിത്തൂക്കി. തുടർന്ന് അയൽവാസികളെ വിളിച്ച് ജിതേന്ദ്ര ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിപ്പിച്ചു.
ജിതേന്ദ്രയുടെ സഹോദരൻ അജയ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം 'ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്' കേസെടുത്തിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ കേസ് ആകെ മാറി. തൂങ്ങിമരണമല്ല, മറിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. ചോദ്യം ചെയ്യലിൽ ജ്യോതി കുറ്റം സമ്മതിച്ചു.
ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കരാർ തൊഴിലാളിയായിരുന്നു ജിതേന്ദ്ര. ജ്യോതി ഉത്തർപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കരാർ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളെത്തുടർന്നുള്ള ദേഷ്യത്തിൽ താൻ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ജ്യോതി പോലീസിനോട് പറഞ്ഞു.


