കൊച്ചി: കേരളത്തില്‍ ലഹരിമരുന്നുവേട്ട സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ വമ്പന്‍മാര്‍ നടുങ്ങി തുടങ്ങി. സിനിമയിലെ വമ്പന്‍മാരിലേക്കാണ് അന്വേഷണം നീളുന്നത്. സിനിമാ രംഗത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയെ തകര്‍ക്കുക എന്നതാണ് എക്‌സൈസിന്റെ ലക്ഷ്യം. സിനിമാക്കാര്‍ക്കിടയില്‍ ഇപ്പോള്‍ എംഡിഎംഎയേക്കാള്‍ ഇഷ്ടം ഹൈബ്രിഡ് കഞ്ചാവിനോടാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും സിനിമ മേഖലയില്‍നിന്നുള്ളവരാണെന്നാണ് എക്‌സൈസ് കണ്ടെത്തല്‍. എംഡിഎംഎ ഉപയോഗം വ്യാപകമാണെങ്കിലും മാരകമാണെന്ന തിരിച്ചറിവില്‍ ഹൈബ്രിഡ് കഞ്ചാവിലേക്ക് പലരും തിരിയുന്നുണ്ട്. ഇന്ത്യയിലൊരിടത്തും ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിക്കുകയാണിത്.

ഒഡിഷയില്‍നിന്നുള്ള കഞ്ചാവ് കിലോയ്ക്ക് 25,000 രൂപയ്ക്ക് കിട്ടുമ്പോള്‍ വിദേശത്തുനിന്നെത്തുന്ന ഹൈബ്രിഡ് ഇനത്തിന് കിലോഗ്രാമിന് 15 ലക്ഷം രൂപയോ അതിലധികമോ ആണ്. ലഹരി കൂടുതലുള്ള ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. പ്രത്യേക പരിചരണം നല്‍കി ഉത്പാദിപ്പിക്കുന്നതാണ്. എംഡിഎംഎ അര ഗ്രാം കൈവശം വെച്ചാല്‍ പോലും ജാമ്യമില്ലാക്കുറ്റമാണ്. എന്നാല്‍, ഒരു കിലോയിലധികം കഞ്ചാവ് കൈവശം സൂക്ഷിച്ചാല്‍ മാത്രമേ ജാമ്യമില്ലാക്കുറ്റമാകൂവെന്നതും ഇതിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് നിഗമനം.

അതേസമയം സവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് എക്‌സൈസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. സംവിധായകര്‍ക്ക് ലഹരി എത്തിച്ച കൊച്ചി സ്വദേശിയെ കണ്ടെത്താനുള്ള തെരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്‌ലാറ്റിന്റെ ഉടമസ്ഥനായ സംവിധായകന്‍ സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് സംവിധായകരെ കസ്റ്റഡിയിലെടുത്തത്.

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു.

കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്‌റഫ് ഹംസ.

ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്‌മാന്റെ സിനിമകള്‍ വന്‍ വിജയം നേടിയിരുന്നു. വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്‌മാന്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്‌സൈസിന്റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിന്റെ പ്രധാന്യം. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്‌സൈസ് ജാമ്യത്തില്‍ വിട്ടത്.

ഗോശ്രീ പാലത്തിനു സമീപത്തെ ഫ്‌ലാറ്റിലെ മുറിയില്‍ സിനിമാ രംഗത്തുള്ള ചിലര്‍ ലഹരി ഉപയോഗിക്കുന്നുവെന്നായിരുന്നു ശനിയാഴ്ച രാത്രി എക്‌സൈസിനു ലഭിച്ച രഹസ്യ വിവരം. നേരത്തേ തന്നെ ഈ ഫ്‌ലാറ്റ് സംബന്ധിച്ച ചില സൂചനകള്‍ എക്‌സൈസിനു ലഭിച്ചതിനാല്‍ രാത്രി 11.30-ഓടെ പ്രത്യേക സംഘം ഫ്‌ലാറ്റിലെത്തി. സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടാണ് മുറിയുടെ വാതിലില്‍ മുട്ടിച്ചത്. വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ കഞ്ചാവ് വലിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് രണ്ടു പേര്‍. എക്‌സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സിനിമയില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് യുവ സംവിധായകര്‍ ആദ്യം പറഞ്ഞത്.

റഹ്‌മാനെന്നാണ് പേര്, മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്‌മാന്റെ മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ സംവിധായകരാണ് പിടിയിലായതെന്ന് എക്‌സൈസിനു പിടികിട്ടിയത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിനു പിന്നാലെ മുന്‍നിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചര്‍ച്ചയായിട്ടുണ്ട്. ആലപ്പുഴയില്‍ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ പിടികൂടിയതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് നേരത്തേ മുതലുള്ള ലഹരിവിവാദം കത്തിത്തുടങ്ങിയത്. പ്രമുഖ നടന്‍മാരുടെ പേരുകള്‍ പിടിയിലായ യുവതി വെളിപ്പെടുത്തിയിരുന്നു.

അതിനു തൊട്ടുപിന്നാലെയാണ് പോലീസ് സംഘം കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഇപ്പോള്‍ ഒടുവില്‍ മുന്‍നിര സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ വിവരം എക്‌സൈസ്-പോലീസ് സംഘത്തിന്റെ കൈവശമുണ്ട്. പിടിയിലാകുന്നവരില്‍ നിന്ന് കണ്ണികളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.