- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയറുന്നിസ തട്ടിയത് കോടികൾ; പത്തുപരാതികൾ കൂടി പൊലീസിന്; തട്ടിപ്പിനിരയായവരിൽ കൂടുതൽ വീട്ടമ്മമാർ; കണ്ണൂരിനെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി റിമാൻഡിൽ
കണ്ണൂർ:ഉയർന്ന പലിശ വാഗ്ദാനം ചെയ്തു സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മയ്യിൽ ചെറുവത്തലമൊട്ടയിലെ എൻ.കെ.കെ ഹൗസിൽ ഹയറുന്നിസയെ(41) തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്.
തളിപറമ്പ് സ്വദേശിയുൾപ്പെടെ പത്തുപേരാണ് പരാതി നൽകിയത്. ഇതോടെ കോടികളുടെ തട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തളിപറമ്പ് സ്വദേശി രവീന്ദ്രനിൽ നിന്നും ഇരുപതു പവന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്ന് പരാതി നൽകിയിട്ടുണ്ട്. മാലൂർ സ്വദേശിനി റബീനയുടെ 42 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ, ചക്കരക്കല്ലിലെ ലതികയുടെ പത്തുപവൻ, വലിയന്നൂരിലെ ജൂവലറി ജീവനക്കാരല റയീസിന്റെ മുപ്പതുലക്ഷത്തിന്റെ സ്വർണാഭരണങ്ങളും ഇവർ തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ചക്കരക്കൽ പൊലിസ് അറിയിച്ചു.
മുണ്ടേരി സ്വദേശിനി റഹീമയുടെ 24 പവൻ തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം ഹയറുന്നിസയെ ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. വീട്ടിൽ സ്വർണം സൂക്ഷിച്ചതുകൊണ്ടു കാര്യമില്ലെന്നും തനിക്ക്കടമായി തന്നാൽ ഒരു പവന് ആയിരം രൂപ വെച്ചു തരാമെന്നു പറഞ്ഞാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നത്. വളരെ മനോഹരമായി ആളുകളെ സംസാരിച്ചു വലയിൽ വീഴ്‌ത്തുന്ന ഹയറുന്നിസ പിന്നീട് മുങ്ങുകയാണ് പതിവ്.
ഇവർക്കു പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. എന്നാൽ ഹയറുന്നിസയുടെ വലയിൽ വീണവരിൽ കൂടുതൽ പ്രവാസികളുടെ ഭാര്യമാരാണെന്ന് പൊലിസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പലരും നാണക്കേടുഭയന്ന് പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.ഭർത്താക്കന്മാരറിയാതെയാണ് അധികവരുമാനത്തിനായി വീട്ടമ്മമാർ ഹയറുന്നിസയ്ക്കു രഹസ്യമായി സ്വർണാഭരണങ്ങൾ കൈമാറിയത്. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഹയറുന്നിസ ഇതെവിടെയാണ് നിക്ഷേപിച്ചതെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്.




