- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊബേഷന്‍ തീരുംമുമ്പെ സ്വകാര്യ ഔഡി കാറില്‍ 'മഹാരാഷ്ട്ര സര്‍ക്കാര്‍' ബോര്‍ഡ്; ബീക്കണ്‍ ലൈറ്റ്; കളക്ടറുടെ ചേംബര്‍ കൈയേറി; അസി. കളക്ടര്‍ക്ക് സ്ഥലമാറ്റം
മുംബൈ: പ്രൊബേഷന്‍ കാലയളവിലെ ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ ആഡംബര കാറില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് വെയ്ക്കുകയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്ത അസി. കളക്ടര്‍ക്ക് സ്ഥലംമാറ്റം. ഐ.എ.എസ്. ഉദ്യോഗസ്ഥയുടെ നടപടികള്‍ വിവാദമായതിന് പിന്നാലെയാണ് സ്ഥലം മാറ്റിയത്. പ്രൊബേഷന്‍ കാലയളവില്‍ സര്‍ക്കാര്‍ നല്‍കാത്ത പലസൗകര്യങ്ങളും അസി. കളക്ടര്‍ ഉപയോഗിച്ചിരുന്നതായാണ് ആരോപണം.
മഹാരാഷ്ട്രയിലെ പുണെ അസിസ്റ്റന്റ് കളക്ടറായ പൂജ ഖേദ്കറിനെയാണ് വാഷിം ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. അസി. കളക്ടര്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ കാറില്‍ സഞ്ചരിക്കുന്നതും അഡീഷണല്‍ കളക്ടറുടെ ചേംബര്‍ കൈയേറിയതും വിവാദമായതിന് പിന്നാലെയാണ് നടപടി.
സ്വകാര്യ ഔഡി കാറില്‍ 'മഹാരാഷ്ട്ര സര്‍ക്കാര്‍' എന്ന ബോര്‍ഡ് സ്ഥാപിച്ച കളക്ടര്‍, കാറിന് മുകളില്‍ ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ ചേംബര്‍ കൈയേറിയതിലും പൂജയ്ക്കെതിരേ അന്വേഷണമുണ്ടായി.
അജയ് മോറെ സ്ഥലത്തില്ലാത്ത സമയത്താണ് പൂജ ഇദ്ദേഹത്തിന്റെ ചേംബറിലിരുന്നത്. തുടര്‍ന്ന് അഡീ. കളക്ടറുടെ അനുമതിയില്ലാതെ ഓഫീസ് ഫര്‍ണീച്ചറുകള്‍ മാറ്റിയെന്നും പുതിയ നെയിംപ്ലേറ്റ് അടക്കമുള്ളവ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പൂജയുടെ കാറിനെച്ചൊല്ലിയും ഓഫീസിലെ നടപടികളെക്കുറിച്ചും വിവാദമുയര്‍ന്നതോടെ പൂണെ കളക്ടര്‍ സുഹാസ് ദിവസെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അസി. കളക്ടറെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അതിനിടെ, മകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദം ചെലുത്തിയതായും ആരോപണമുണ്ട്.