- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി; ഭര്‍ത്താവ് വീട്ടില്‍ കയറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞതോടെ വിഷം കഴിച്ചു
ഗാന്ധിനഗര്‍: ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. ഉദ്യോഗസ്ഥന് വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇവര്‍ വിഷം കഴിച്ചത്.
ഐ.എ.എസ്. ഉദ്യോഗസ്ഥനായ രണ്‍ജീത് കുമാറിന്റെ ഗാന്ധിനഗര്‍ സെക്ടര്‍ 19-ലെ വീട്ടില്‍വെച്ചാണ് സൂര്യ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉള്‍പ്പെട്ട സൂര്യ തിരികെ ഭര്‍ത്താവിനൊപ്പം താമസിക്കാനെത്തിയപ്പോള്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം യുവതി തന്നെ 108-ല്‍ വിളിച്ച് ആംബുലന്‍സ് വരുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഒന്‍പതുമാസം മുന്‍പാണ് ആണ്‍സുഹൃത്തും ഗുണ്ടാനേതാവുമായ മഹാരാജ ഹൈക്കോര്‍ട്ട് എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. ഇതിനുപിന്നാലെ മധുരയില്‍നിന്ന് 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍കുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് നടത്തിയ അന്വേഷണത്തില്‍ 14-കാരനെ സുരക്ഷിതമായി മോചിപ്പിക്കുകയായിരുന്നു. ഇങ്ങനെ ഇവര്‍ക്കിടയില്‍ സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതികളായ മൂവരും തമിഴ്നാട്ടില്‍നിന്ന് രക്ഷപ്പെട്ടത്. കേസില്‍ തമിഴ്നാട് പോലീസ് പിടികൂടുമെന്ന് ഭയന്ന് അറസ്റ്റ് ഒഴിവാക്കാനായാണ് ശനിയാഴ്ച സൂര്യ ഭര്‍ത്താവായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. എന്നാല്‍, സൂര്യയെ ഒരിക്കലും വീട്ടില്‍ കയറ്റരുതെന്ന് രണ്‍ജീത് കുമാര്‍ വീട്ടുജോലിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ സൂര്യയ്ക്ക് വീട്ടില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് യുവതി വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
അതേസമയം, 2023 മുതല്‍ രണ്‍ജീത് കുമാറും സൂര്യയും പിരിഞ്ഞ് താമസിക്കുകയാണെന്നും ഇവരുടെ വിവാഹമോചന നടപടികള്‍ നടന്നുവരികയാണെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ഈ സംഭവമുണ്ടായതെന്നും അഭിഭാഷകന് പറഞ്ഞു. അതിനിടെ, സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴിലാണ് ഇവര്‍ ആത്മഹത്യാക്കുറിപ്പ് എഴുതിരിക്കുന്നത്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ രണ്‍ജീത് കുമാര്‍ വിസമ്മതിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.