കല്‍പ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നതാണ് എംഎല്‍എയ്‌ക്കെതിരായ കുറ്റം. കേസില്‍ വിശദമായ അന്വേഷണം നടത്തും. നിലവില്‍ ബാലകൃഷ്ണന്‍ മാത്രമാണ് പ്രതി. വയനാട് ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ വിവാദമാണ് ഇത്.

ഡിഡിസി ട്രഷററുടെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എയ്‌ക്കെതിരെയും ഡിസിസി പ്രസിഡന്റായിരുന്ന എന്‍ ഡി അപ്പച്ചനെതിരെയും ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. മകനെ ബത്തേരി അര്‍ബന്‍ ബാങ്കിലെ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയില്‍നിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ എംഎല്‍എ പണം വാങ്ങി നിയമിച്ചതായി വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ബാങ്ക് നിയമനങ്ങള്‍ക്കായി കോണ്‍?ഗ്രസ് നേതാക്കള്‍ വ്യാപകമായി കോഴപ്പണം വാങ്ങിയതിന് നിരവധി പരാതികളും ലഭിച്ചിരുന്നു.

ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിന് വിജയനെ ഇടനിലക്കാരനാക്കി കോഴ വാങ്ങിയതിനുള്ള തെളിവുകള്‍ പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്നു. വിവിധ രേഖകള്‍, അന്വേഷണത്തിലെ കണ്ടെത്തലുകള്‍, മൊഴികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു.

കോളിയാടി താമരച്ചാലില്‍ ഐസക്, ബത്തേരി മൂലങ്കാവില്‍ കീഴ്പ്പള്ളില്‍ കെ കെ ബിജു, താളൂര്‍ അപ്പോഴത്ത് പത്രോസ് എന്നിവരെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിയതായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ നിര്‍ദേശപ്രകാരം മൂന്ന് തവണയായി 17 ലക്ഷം രൂപ നല്‍കിയെന്നാണ് ഐസക്കിന്റെ പരാതി. നാല് ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയെന്നാണ് ബിജു പരാതിപ്പെട്ടത്.

മകന്‍ എല്‍ദോസിന് ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് പത്രോസ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി. അര്‍ബന്‍ ബാങ്കില്‍ അനധികൃത നിയമനത്തിന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ 17 പേരുടെ പട്ടിക നല്‍കിയിരുന്നതായി ബാങ്ക് മുന്‍ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജും വെളിപ്പെടുത്തിയിരുന്നു. റാങ്ക് ലിസ്റ്റില്‍ വളരെ താഴെയുള്ളവരുടെയും ലിസ്റ്റില്‍ ഇല്ലാത്തവരുടെയും പേരുകളാണ് നല്‍കിയത്.