പത്തനംതിട്ട: കോടതിയിൽ നിലവിലിരിക്കുന്ന വസ്തു സംബന്ധമായ കേസിലെ ചൊല്ല വീടു കയറി ആക്രമണം. കമ്പി വടികൊണ്ടുള്ള അടിയേറ്റ് വയോധികന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി. തനിക്കെതിരേ ആസിഡ് ആക്രമണം നടത്തിയെന്നാരോപിച്ച് പ്രതിയും ആശുപത്രിയിൽ ചികിൽസ തേടി. ഇരുകൂട്ടരുടെയും പരാതിയിൽ കുടുംബാംഗങ്ങളെ മുഴുവൻ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്ത് പൊലീസും നടപടി തുടങ്ങി.

ഇടമുറി തോമ്പിക്കണ്ടം ഓലിക്കൽ ഓ.സി കൊച്ചുകുഞ്ഞി (59)നാണ് കാഴ്ച പൂർണമായും നഷ്ടമായത്. കൊച്ചുകുഞ്ഞിനെ മർദിച്ച സഹോദരൻ തടത്തിൽ വീട്ടിൽ പാസ്റ്റർ ബാബു, തനിക്കെതിരേ ആസിഡ് ആക്രമണം ഉണ്ടായെന്ന് ആരോപിച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുകൂട്ടരുടെയും കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്്റ്റർ ചെയ്തു. പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. ബാബുവിന്റെ ട്രസ്റ്റിൽ അംഗങ്ങളായ പൊലീസുകാർ ഇടപെട്ട് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കൊച്ചുകുഞ്ഞ് ആരോപിച്ചു. ഇത് നിഷേധിച്ച പൊലീസ് രണ്ടു കൂട്ടർക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് കൊച്ചുകുഞ്ഞിനെ ബാബു വീടു കയറി ആക്രമിച്ചുവെന്ന് പറയുന്നത്. ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് കൊച്ചുകുഞ്ഞിന്റെ വലതു കണ്ണിന് സമീപത്തെ അസ്ഥി തകർന്ന് കൃഷ്ണമണി പുറത്തേക്ക് വന്നു. ഒപ്പം മൂക്കിന്റെ പാലവും തകർന്നു. കണ്ണ് ശസ്ത്രക്രിയയിലൂടെ തൂന്നിച്ചേർത്തെങ്കിലും കാഴ്ച പൂർണമായും നഷ്ടമായി. കൊച്ചുകുഞ്ഞിന് ഗുരുതരമായി പരുക്കേറ്റതിനാൽ കേസിൽനിന്നും രക്ഷപെടാൻ സഹോദരൻ ആസിഡ് ഒഴിച്ചു പരിക്കേൽപ്പിച്ചതായി ആരോപിച്ച് ബാബുവും ചികിത്സയിലാണെന്ന് പറഞ്ഞു.

തന്നെയും തന്റെ കുടുംബത്തെയും നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം കൊല്ലാനാണ് ബാബു വന്നതെന്ന് കൊച്ചുകുഞ്ഞ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസ് എടുത്തിരുന്നു. ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവ സ്ഥലം ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ചു. വിരലടയാള വിദഗ്ധരുമെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. എന്നാൽ താനോ തന്റെ കുടുംബാംഗങ്ങളോ ഇല്ലാത്ത സമയത്തു തെളിവെടുപ്പ് നടത്തിയത് ബാബുവിനെ സഹായിക്കാനാണെന്ന് കൊച്ചുകുഞ്ഞ് ആരോപിക്കുന്നു.

പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുകയെന്നതാണ് പൊലീസിന്റെ രീതിയെന്നും അതിന് കൊച്ചുകുഞ്ഞ് ചികിൽസ കഴിയുന്നത് വരെ കാത്തിരിക്കാൻ കഴിയില്ലെന്നും പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ് പറഞ്ഞു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്ത് വന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊച്ചുകുഞ്ഞിന്റെ മൊഴിയെടുത്ത് 308 വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ അറിയിച്ചു.

ബാബുവിന്റെ പരാതി പ്രകാരം കൊച്ചുകുഞ്ഞിന്റെ വീട്ടിലെ സ്‌കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്കെതിരേ വരെ കേസെടുത്തതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. കേസ് അന്വേഷണത്തിലാണെന്നും ദീർഘനാളായുള്ള വഴക്കിന്റെ ഭാഗമാണ് ആക്രമണമെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇതിനിടെ കൊച്ചുകുഞ്ഞ് കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണർ ആരോ മൂടുകയും ചെയ്തു. ഇരു കൂട്ടരുടേയും പേരിൽ മുൻപും കേസുണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്.

ആസിഡാക്രമണം ആരോപിച്ച് തന്റെയും ഭാര്യയുടേയും വിദ്യാർത്ഥികളായ മക്കളുടേയും പേരിൽ കേസെടുത്തതായും അന്വേഷണം നീതി പൂർവമല്ലെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യവകാശ കമ്മിഷനും ജില്ലാ പൊലീസ് ചീഫിനും പരാതി നൽകുമെന്നും കൊച്ചുകുഞ്ഞ് അറിയിച്ചു