പത്തനംതിട്ട: കൊടുമൺ ഇടത്തിട്ടയിലെ വെൽഡിങ് വർക്ഷോപ്പ് ഉടമ പുതുപറമ്പിൽ വീട്ടിൽ ജോബി മാത്യൂവി (44)ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടിൽ അബ്ദുൾ അസീസിനെ (45) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതിനെ തുടർന്ന് ഒളിസങ്കേതത്തിൽ നിന്നുമായിരുന്നു അറസ്റ്റ്. അപകടമരണമെന്ന് കരുതിയിരുന്ന സംഭവം പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകളിൽ നിന്നാണ് മനഃപൂർവമല്ലാത്ത നരഹത്യയായി മാറിയത്. വാഹനങ്ങൾ തട്ടിയതിനെ ചൊല്ലി തർക്കവും ഉന്തും തള്ളും ഉണ്ടാവുകയും ഇതിനിടെ ജോബി തലയിടിച്ചു വീണുണ്ടായ പരുക്കുമാണ് മരണത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ 25 ന് രാത്രി 8.45 ന് ഇടത്തിട്ട ജങ്ഷന് സമീപം വാടകയ്ക്ക് എടുത്ത കാറിനോട് ചേർന്ന് ജോബി മാത്യുവിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റെന്ന് കരുതി നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. മൂന്ന് ആശുപത്രികളിൽ ചികിൽസ കഴിഞ്ഞ് ജൂൺ നാലിന് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് ജോബി മരണപ്പെട്ടു. ചികിൽസിച്ചിരുന്ന ഡോക്ടറോട് തന്നെ ചിലർ മർദിച്ചുവെന്ന് ഇയാൾ പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി. തലയോട് പൊട്ടി ആന്തരിക രക്തസ്രാവം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾക്ക് വ്യക്തത ലഭിച്ചത്.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിന് പിന്നിൽ ജോബി ഓടിച്ച വാഹനം ചെന്നിടിച്ചു. തുടർന്ന് വാഹനത്തിലുള്ളവരും ജോബിയുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘങ്ങൾ അമ്പതോളം സിസിടിവികൾ പരിശോധിച്ചു. ജോബിയുടെ വാഹനം ഇടിച്ചത് ചുവന്ന സ്വിഫ്ട് കാറിൽ ആണെന്ന് തിരിച്ചറിഞ്ഞു. ജില്ലയിലെ വർക്ക് ഷോപ്പുകൾ, കാർ ഷോറുമുകൾ, വാഹന പെയിന്റിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി.

ജില്ലയിലെ ചുവന്ന സ്വിഫ്റ്റ് കാറുകളുടെ ലിസ്റ്റ് ആർ.ടി ഓഫീസിൽ നിന്നും ശേഖരിച്ച് ഇരുന്നുറോളം വാഹനങ്ങൾ പരിശോധിച്ചു. കാർ ഓടിച്ചവരുടെയും ഉടമസ്ഥരുടെയും ലിസ്റ്റ് പരിശോധിച്ചതിൽ പത്തനംതിട്ട സ്വദേശിയുടെകാർ ഉടമയുടെ ഫോൺ ലൊക്കേഷൻ സംഭവം നടന്ന സ്ഥലത്ത് ഉള്ളതായി മനസ്സിലായി. ഇയാളോട് വാഹനം ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. ഇയാൾ താമസിക്കുന്ന വീട്ടിൽ പൊലീസ് ചെന്നെങ്കിലും മൊബൈൽഫോണും കാറും ഉപേക്ഷിച്ച് മുങ്ങിയെന്ന് വ്യക്തമായി. വീട്ടിലെ പോർച്ചിൽ ഉണ്ടായിരുന്ന ചുവന്ന സ്വിഫ്ട് കാർ പരിശോധിച്ചതിൽ പിൻഭാഗത്ത് വാഹനാപകടത്തിൽ ഉണ്ടാവുന്ന കേടുപാടുകൾ കണ്ടെത്തി.

അന്വേഷണത്തിൽ അബ്ദുൾ അസീസ് പാലക്കാട്, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയതായും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടന്നതായും മനസിലായി. ഇതിനിടെ ഇയാൾ പൊലീസ് പീഡനം ആരോപിച്ച് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. ഹർജി കോടതി തള്ളി. പത്തനംതിട്ടയിൽ നിന്ന് ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച വാഹനം പെരുമ്പാവൂരിൽ നിന്നും കണ്ടെത്തി. പ്രതിയെ പത്തനംതിട്ട ജൂഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.