പത്തനംതിട്ട:ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിൽ വീണ്ടും ഡമ്മി പരീക്ഷണവുമായി അന്വേഷണ സംഘം.പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവൽസിങ്ങിനെയും എത്തിച്ചുകൊണ്ട് ഫൊറൻസിക് സംഘത്തിന്റെ നേതൃത്വത്തിലാണ് കൂടുതൽ ശാസ്ഥ്രീയ തെളിവുകൾ കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തിയത്.ഡമ്മി ഉപയോഗിച്ചു കൊലപാതകരംഗം പുനരാവിഷ്‌കരിച്ചുകൊണ്ടായിരുന്നു തെളിവെടുപ്പ്.

ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച പരിശോധന നാലരയോടെയാണു പൂർത്തിയായത്.അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നേരത്തേ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. എന്നാൽ കൊലപാതകത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാനാണു ഇന്നലെ വീണ്ടും ഫോറൻസിക് സംഘം ഡമ്മി പരീക്ഷണം നടത്തിയത്.പൊലീസ് സർജൻ ഡോ. ലിസിയുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം.

കൊലപാതകം നടന്ന മുറിയിലായിരുന്നു ഡമ്മിയിലുള്ള പുനരാവിഷ്‌കാരം.ഇത് നടത്തുമ്പോൾ വീട്ടുടമയും രണ്ടാംപ്രതിയുമായ ഭഗവൽ സിങ്ങിനെയും പൊലീസ് ഒപ്പം നിർത്തിയിരുന്നു.അതേസമയം മൂന്നാംപ്രതിയായ ലൈലയെ വെള്ളിയാഴ്ചത്തെ തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇത്രയും കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിക്കാൻ ഡോ. ലിസ ജോൺ ഷാഫിയോട് ആവശ്യപ്പെട്ടു.കത്തിയുടെ വലുപ്പം അനുസരിച്ചു മുറിവുകളുടെ ആഴം, ഏത് അളവിൽ രക്തം തെറിക്കുമെന്ന പരിശോധനകളും നടത്തി. പത്മത്തിന്റെ ഫോൺ, അവരുടെ കഴുത്തു മുറുക്കാൻ ഉപയോഗിച്ച കയർ എന്നിവ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

അതേസമയം ഫോറൻസിക് സംഘത്തിന്റെ പല ചോദ്യങ്ങൾക്കും ചെറു ചിരി മാത്രമായിരുന്നു ഷാഫിയുടെ മറുപടി. കേസന്വേഷണത്തിന്റെ ആദ്യം മുതൽ തന്നെ ഷാഫി കൃത്യമായി സഹകരിച്ചിരുന്നില്ല.ഒരേ ചോദ്യം പല തവണ ചോദിക്കുമ്പോൾ പല തരത്തിലുള്ള മറുപടിയാണ് നൽകുന്നത്.

ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ശ്രമമുണ്ട്.കസ്റ്റഡിയിലുള്ള പ്രതികൾ മുമ്പ് ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു. എന്നാൽ, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്ന് അന്വേഷക സംഘം വിലയിരുത്തുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും.