- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് വനാതിർത്തിയോട് ചേർന്ന രഹസ്യ സങ്കേതത്തിൽ വൻ ചീട്ടുകളി; എല്ലാത്തിനും ഒത്താശ ചെയ്തത് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ; വേഷം മാറിയെത്തിയ പൊലീസ് പത്തംഗ സംഘത്തെ പിടികൂടി; ചീട്ട് കളിക്കാൻ ഉപയോഗിച്ച 2,51,000 രൂപയും പൊലീസ് പിടിച്ചെടുത്തു
കുമളി: വൻതോതിൽ പണം വെച്ച് ചീട്ടുകളിച്ചിരുന്ന സംഘത്തെ പൊലീസ് പിടികൂടി. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കുമളിയിലാണ് സംഭവം. ചീട്ട് കളിക്കാൻ ഉപയോഗിച്ച 2,51,000 രൂപയും പിടിച്ചെടുത്തു. തമിഴ്‌നാട് വനാതിർത്തിയോട് ചേർന്ന രഹസ്യ സങ്കേതത്തിൽ നിന്നും അതീവ രഹസ്യമായി നടത്തിവന്ന ചീട്ടുകളി നടത്തിയിരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
പിടികൂടാതിരിക്കുവാൻ വേണ്ടി സംഘം ഓരോ ദിവസവും വിവിധ കേന്ദ്രങ്ങളിൽ ചീട്ടുകളി നടത്തി വന്നതിനാൽ ഇവരെ പിടികൂടുക പൊലീസിന് വളരെ ദുഷ്‌കരമായിരുന്നു. പൊലീസിന്റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ്. പലപ്രാവശ്യം പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
ഓരോ ദിവസവും എവിടെയെങ്കിലും സംഘം ഒത്തുകൂടി ചീട്ടുകളി നടത്താൻ ഒരു സ്ഥലം തിരഞ്ഞെടുക്കുകയാണ് പതിവ്. കുമളി നഗര മധ്യത്തിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ ഈപ്പൻ വർഗീസിന്റെ കെട്ടിടത്തിൽ ചീട്ടുകളി നടത്തിവരവേയായിരുന്നു സംഘം പിടിയിലായത്. പൊലീസിനെ നിരീക്ഷിക്കാൻ വേണ്ടി സംഘം ആളുകളെ നിയോഗിച്ചിരുന്നതിനാൽ വേഷം മാറിയെത്തിയാണ് പൊലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി വിയുകുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോൻ, കുമളി ഐപി ജോബിൻ ആന്റണി, കട്ടപ്പന എസ് ഐ ദിലീപ് കുമാർ. കെ, കട്ടപ്പന ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട എസ്‌ഐ സജിമോൻ ജോസഫ്, സിപിഒ വി കെ അനീഷ്, കുമളി പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ നിഖിൽ കെ. കെ, സിപിഒമാരായ അഭിലാഷ്, അനീഷ് വിശ്വംഭരൻ, അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ