മംഗളൂരു: ഗോവയില്‍നിന്ന് അനധികൃതമായി മദ്യം എത്തിച്ച് ഉഡുപ്പിയില്‍ വിറ്റ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി 15 വര്‍ഷത്തോളം ഒളിവില്‍ കഴിയുകയായിരുന്ന മലയാളിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചാലക്കുടിയിലെ ദയാനന്ദിനെയാണ് (56) ഉഡുപ്പി സി.ഇ.എന്‍. പോലീസ് ചാലക്കുടിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

ഗോവന്‍ നിര്‍മിത വിദേശമദ്യം ഉഡുപ്പിയിലെത്തിച്ച് വിറ്റിരുന്ന ദയാനന്ദിനെ 2009-ലാണ് സി.ഇ.എന്‍. പോലീസ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ കേരളത്തിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

വീണ്ടും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൃശ്ശൂരിലെ വീട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.