മലപ്പുറം: ആധാരം, വാഹനങ്ങളുടെ ആർ.സി, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ പണയ വസ്തുവായി വാങ്ങി അമിത പലിശ ഈടാക്കി അനധികൃത പണമിടപാട് നടത്തുന്ന കേന്ദ്രത്തിൽ പൊലിസ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപയും, നിരവധി രേഖകളും പിടിച്ചെടുത്തു. നിലമ്പൂർ കൊളക്കണ്ടം കിനാൻ തോപ്പിൽ കുരുവിള (65)യെയാണ് എസ്‌ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്.

നിലമ്പൂർ ഡി.വൈ.എസ്‌പി സാജു.കെ.അബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും രേഖകളും പിടിച്ചെടുത്തത്. വിവിധ ആളുകളുടെ പേരിലുള്ള ആധാരങ്ങൾ, വാഹനങ്ങളുടെ ആർ.സി, പാസ്‌പോർട്ട്, മുദ്ര പേപ്പറുകൾ, ചെക്ക് ബുക്ക് തുടങ്ങിയ രേഖകൾ പിടിച്ചെടുത്തു. നിലമ്പൂർ കോടതിപ്പടിയിൽ ഇയാൾ നടത്തുന്ന സ്റ്റേഷനറി കട കേന്ദ്രീകരിച്ചാണ് പണമിടപാടുകൾ നടത്തിയിരുന്നത്.

നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ കുരുവിള. എഎസ്ഐ മാരായ അൻവർ സാദത്ത് , അനിൽകുമാർ, പ്രദീപ്.വി.കെ, സിപിഓമാരായ അരുൺ ബാബു, അജയൻ എന്നിവരും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് തുടരന്വേഷണം നടത്തുന്നത്. അതേ സമയം അനധികൃത വിൽപനക്കായി സൂക്ഷിച്ച 4 ലിറ്റർ വിദേശ മദ്യവുമായി യുവാവും നിലമ്പൂരിൽ പൊലിസിന്റെ പിടിയിലായി. നിലമ്പൂർ വരടേമ്പാടം തുമ്പത്തൊടി സുവീനെ (32) യാണ് നിലമ്പൂർ എസ്‌ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്.

കോടതിപടിയിൽ ഇയാൾ നടത്തുന്ന സ്റ്റേഷനറി കടയിൽ മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ബീവറേജ് അവധി ദിവസങ്ങളിൽ ഇവിടെ മദ്യ വിൽപ്പന സജീവമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സി.പി.ഒമാരായ അരുൺ ബാബു, അജയൻ എന്നിവരും നിലമ്പൂർ ഡാൻസാഫും പരിശോധനയിൽ പങ്കെടുത്തു.