- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ തുടർച്ചയായ കല്ലേറ്; 24 മണിക്കൂറിനിടെ കല്ലേറ് നടന്നത് മൂന്ന് തവണ; യാത്രക്കാർ ഭീതിയിൽ; ആൾക്ഷാമത്തിൽ വലഞ്ഞ് സിആർപിഎഫ്; ജാഗ്രതാ സമിതിയും നിർജ്ജീവം; പ്രതികൾ കാണാമറയത്ത് തുടരുന്നു
കണ്ണൂർ: കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ അതിക്രമം തുടരുമ്പോഴും കുറ്റവാളികളെ പിടികൂടാനാവാതെ പൊലീസും റെയിൽവെ സുരക്ഷാ സേനയും. സി.ആർ.പി.എഫിലെ ആൾക്ഷാമമാണ് ട്രെയിനുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരാൻ കാരണമാകുന്നത്. പല ട്രെയിൻ അക്രമ കേസുകളിലെയും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്
വന്ദേ ഭാരത് ഉൾപ്പെടെ ട്രെയിനിനു നേരെ കല്ലേറുകൾ പതിവാകുന്ന സാഹചര്യത്തിൽ സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതി നിർജ്ജീവമായതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. റെയിൽവെ ട്രാക്കിന് സമീപത്ത് താമസിക്കുന്ന പൊതുജനങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. തുടക്കത്തിൽ ഇതു കൊണ്ടു ഗുണമുണ്ടായെങ്കിലും പിന്നീട് സമിതിയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
ഇതിനിടെയാണ് കണ്ണൂരിൽ തുടർച്ചയായി വിവിധയിടങ്ങളിൽ നിന്നും കല്ലെറിയുന്നത് പൊലിസിന് തലവേദനയായത്.കണ്ണൂരിൽ തുരന്തോ എക്സ്പ്രസിന് നേരെയാണ് വീണ്ടും കല്ലേറുണ്ടായത്. തിങ്കളാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. രണ്ടു മണിയോടെ പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.
24 മണിക്കൂറിനിടെ ട്രെയിനിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ കല്ലേറാണിത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരശോധന ആരംഭിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും നേരെയും കണ്ണൂരിൽ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രി 7.11 നും 7.16 നും ആണ് റെയിൽവേ സ്റ്റേഷൻ ഭാഗത്തുവച്ച് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്നാമതും കല്ലേറുണ്ടാകുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കവെ ട്രെയിനിനു നേരെയുള്ള കല്ലേറ് പൊലിസ് അതീവ ഗൗരവകരമായാണ് കാണുന്നത്. ഞായറാഴ്‌ച്ച രാത്രി കണ്ണൂർ റെയിൽവെസ്റ്റേഷനു സമീപം ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിൽ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളെയാണ് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ആർ.പി.എഫ് സിഐ അറിയിച്ചു. ഇതിനിടെ കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറുണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ് കഴിഞ്ഞ സെപ്റ്റംബറിൽ എടക്കാടിനും കണ്ണൂരിനും ഇടയിലുണ്ടായ കല്ലേറിൽ പന്ത്രണ്ടു വയസുകാരിക്ക് പരുക്കേറ്റിരുന്നു. കുടുംബത്തോടൊപ്പം മംഗ്‌ളൂരിൽ നിന്ന് കോട്ടയത്തേക്ക് മംഗ്‌ളൂര് - തിരുവനന്തപും എക്സ്‌പ്രസിൽ യാത്ര ചെയ്യവെയായിരുന്നു പരുക്കേറ്റിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു വർഷമായിട്ടും പ്രതികളെ കണ്ടെത്താൻ പൊലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.