കൊച്ചി: സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. നേരത്തെ ഇഡി അന്വേഷണം നേരിട്ട നടനെ തേടി ഇപ്പോള്‍ ആദായനികുതി വകുപ്പാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന.

ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.

നേരത്തെ സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം ഇ.ഡി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. സിനിമയുടെ വിതരണക്കാരന്‍ കെ.സുജിത്തിനെയും മറ്റൊരു നിര്‍മാതാവ് ഷോണ്‍ ആന്റിണിയേയും ഈ അന്വേഷണത്തിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്യുകയുണ്ടായി. പറവ ഫിലിംസിന്റെ ബാനറില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മിക്കാന്‍ ഏഴു കോടി രൂപ നല്‍കി വഞ്ചിതനായ അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് രംഗത്തുവന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട പരിശോധന ഉണ്ടായത്.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ സിറാജ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്‍കിയ പരാതി. നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാല്‍ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ഥമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് പിന്നീട്് സെറ്റില്‍ ചെയ്യുകയാണ് ഉണ്ടായി.

ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ ഗുഹയില്‍ കൂട്ടത്തില്‍ ഒരാള്‍ അകപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയം. ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.