ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ധാരാളം ഉണ്ടായിട്ടും അതെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു എന്നാണ് ബിജെപിയും കേന്ദ്രസർക്കാറും പറയുന്നത്. എന്നാൽ, ഇതെല്ലാം വെറും ഒത്തുകളികളാണെന്ന ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷവും. വീണക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ അന്വേഷണം വരുമ്പോഴും കോൺഗ്രസ് അതിനെ സംശയത്തോടെ കാണുന്നത് ഈ ഒത്തുകളി സംശയിച്ചാണ്. നരേന്ദ്ര മോദിയെ പേരെടുത്തു പറഞ്ഞ് വിമർശിക്കാൻ മടിയുള്ള പിണറായി വിജയൻ ഇക്കുറി മോദി കേരളത്തിൽ വന്നപ്പോഴും ഊഷ്മള സ്വീകരണം ഒരുക്കുകയും ചെയ്തു. ഇതെല്ലാ കൂട്ടി വായിക്കുകയാണ് പ്രതിപക്ഷം.

വീണയുടെ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോഴും കാര്യമായ നടപടികൾ ഉണ്ടാകുമോ എന്ന സംശയത്തിലാണ് പ്രതിപക്ഷം. ഇതിന് കാരണമായി പറുന്നത് സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇൻടേ സെറ്റിൽമെന്റ് റിപ്പോർട്ടാണ്. ഈ റിപ്പോർട്ടിന്മേൽ ആദായ നികുതി വകുപ്പ് അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടും കേന്ദ്ര സർക്കാർ അന്വേഷണം നടത്തിയിരുന്നില്ല. പുതിയ സാഹചര്യത്തിൽ അത്തരമൊരു നീക്കം ഉണ്ടാകുമോ എനനാണ് അറിയേണ്ടത്.

കരിമണൽ കമ്പനിയായ സിഎംആർഎൽ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കുമായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിനാണു നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും മറ്റും സിഎംആർഎൽ നൽകിയ പണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രം തയാറാകുമോ എന്നാണ് ഇനി വ്യക്തമാകേണ്ടത്.

രാഷ്ട്രീയക്കാർക്കു നൽകിയ പണത്തെക്കുറിച്ചും കമ്പനി നിയമം, അഴിമതി നിരോധന നിയമം തുടങ്ങിയവപ്രകാരം അന്വേഷണം വേണമെന്ന് ആദായ നികുതി വകുപ്പു വാദിച്ചതാണ്. കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായ്ക്കും സ്ഥാപനത്തിലെ മറ്റു പ്രധാന ഉദ്യോഗസ്ഥർക്കുമെതിരെ മാത്രമല്ല, പണം കൈപ്പറ്റിയവർക്കുമെതിരെയും അന്വേഷണം വേണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

2013 മുതൽ 2019 വരെ 95.06 കോടി രൂപ രാഷ്ട്രീയക്കാർക്കും മറ്റുമായി നൽകിയെന്നാണ് ആദായ നികുതി വകുപ്പു കണക്കാക്കിയത്. 20,000 രൂപയിൽ കൂടുതൽ പണമായി കൈപ്പറ്റിയവരുടെ 'പെർമനന്റ് അക്കൗണ്ട് നമ്പർ' (പാൻ) ലഭ്യമാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഭാഗത്തുനിന്നു തുടർനടപടിയുണ്ടായില്ല.

അന്വേഷണം ആവശ്യപ്പെടുന്നതിന് ആദായ നികുതി വകുപ്പ് പറഞ്ഞ കാരണങ്ങളും വ്യക്തമായിരുന്നു. വ്യക്തികൾക്കു പണം നൽകിയത് ബിസിനസ് ആവശ്യങ്ങൾക്കാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇങ്ങനെ പണം നൽകാനാണ് കമ്പനിയുടെ ചെലവു പെരുപ്പിച്ചുകാട്ടിയതെന്നും. ബിസിനസ് നടത്താൻ വ്യക്തികൾക്ക് പണം നൽകുന്നത് നിയമവിരുദ്ധമാണെന്നുമാണ് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന ഒരുകാര്യം.

രണ്ടാമാതായി കമ്പനിയുടെ എംഡിയും ചീഫ് ഫിനാൻഷ്യൽ ഓഫിസറും ഉൾപ്പെടെ ഒത്തുകളിച്ചാണു ചെലവ് പെരുപ്പിച്ചുകാട്ടിയത്. ഇങ്ങനെ വൻതുക തട്ടിയെടുത്തത് ഓഹരിയുടമകൾക്കു കനത്ത നഷ്ടമുണ്ടാക്കി. കമ്പനി നിയമത്തിന്റെയും സെബി ചട്ടങ്ങളുടെയും അഴിമതി നിരോധന നിയമത്തിന്റെയും ലംഘനം ഉണ്ടായി. ഇതിലും അന്വേഷണം വേണ്ടതാണ്.

കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയവരായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഏതാനും രാഷ്ട്രീയ നേതാക്കളുടെ പേരു മാത്രമാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലൂടെ പുറത്തുവന്നത്. വീണയ്ക്കും എക്‌സാലോജിക്കിനും നൽകിയ പണവും രാഷ്ട്രീയക്കാർക്കു നിയമവിരുദ്ധമായി നൽകിയ പണത്തിന്റെ ഗണത്തിലാണ് ആദായ നികുതി വകുപ്പ് ഉൾപ്പെടുത്തിയത്. ഇത് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ശരിവയ്ക്കുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേ നിർണായക റിപ്പോർട്ടുമായി രജിസ്ട്രാർ ഓഫ് കമ്പനീസും രംഗത്തുവരുന്നുണ്ട്. സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ എക്സാലോജിക്കിനായില്ല. കമ്പനീസ് ആക്ട് സെക്ഷൻ 188 ന്റെ ലംഘനം നടന്നതായും ആർഒസി റിപ്പോർട്ടിൽ പറയുന്നു. വീണാ വിജയനോട് വിശദീകരണം തേടിയ ശേഷമാണ് നിർണ്ണായക നിരീക്ഷണങ്ങൾ. ഈ വിഷയത്തിൽ വീണയെ പ്രതിരോധിച്ചിരുന്നത് സിപിഎമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയനും ചിലത് പറഞ്ഞു. അവരുടെ വിശദീകരണങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ പുറത്തു വരുന്ന രേഖകൾ തെളിയിക്കുന്നത്.

എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇന്റ്‌ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും പ്രധാന വാദം. എന്നാൽ ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ലെന്നതാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഇഡിക്കും സിബിഐയ്ക്കും അന്വേഷണം പോകാനുള്ള സാധ്യതയും ഉണ്ട്. കരാർ വിവരങ്ങൾ പോലും ഹാജരാക്കാൻ കഴിയാത്തത് വീണാ വിജയന് പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നവർക്ക് ഇനി വെല്ലുവളിയാകും.

രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെന്ന വാദം ഇവിടെ വില പോകില്ല. ഇതിന് കാരണം സിഎംആർഎല്ലിൽ സർക്കാർ കമ്പനിയായ കെഎസ്ഐഡിക്കുള്ള ഓഹരിയാണ്. അതുകൊണ്ട് തന്നെ ഖജനാവുമായി ബന്ധപ്പെട്ടതാണ് ഈ വിഷയമെല്ലാം. ആർക്കും പരാതി നൽകാനും വിശദീകരണം ചോദിക്കാനുമെല്ലാം കഴിയും. ഷോൺ ജോർജാണ് പരാതിക്കാരൻ. ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് ഷോൺ ജോർജ് തയ്യാറല്ല. അതുകൊണ്ട് തന്നെ ഈ പരാതിയും കേസുമെല്ലാം ആർക്കും അട്ടിമറിക്കാൻ കഴിയില്ല. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമാണ് ആരോപണത്തിൽ. എക്സാലോജിക് എന്ന കമ്പനി പ്രവർത്തനം നിർത്താൻ നൽകിയ അപേക്ഷയും നിയമ വിരുദ്ധമാണെന്ന് ആർ ഒ സി കണ്ടെത്തിയിട്ടുണ്ട്. ഇതും ഗുരുതര വിഷയമായി മാറും.

ഒരു ബാധ്യതയുമില്ലെന്ന് പറഞ്ഞാണ് കമ്പനി മരവിപ്പിക്കാൻ വീണാ വിജയൻ അപേക്ഷ നൽകിയത്. എന്നാൽ ആദായ നികുതി വകുപ്പിന്റെ രേഖകളിൽ തെളിഞ്ഞത് കുടിശിഖയുണ്ടെന്നായിരുന്നു. ഇതെല്ലാം തട്ടിപ്പിന് തെളിവാണെന്ന് ആർ ഒ സി പറയുന്നു. ഓഡിറ്ററുടെ ഒപ്പും സീലുമില്ലാത്ത ഓഡിറ്റ് റിപ്പോർട്ടും നൽകി. ഇത് തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ചർച്ചകളിൽ ഉള്ളത്. ബംഗളൂരു രജിസിട്രാർ ഓഫ് കമ്പനീസാണ് നിർണായക കണ്ടെത്തലുകൾ നടത്തിയത്.

സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി നടന്ന ഇടപാടുകളിൽ ദുരൂഹതയെന്നാണ് റിപ്പോർട്ട്. ഇരു കമ്പനികളുമായി നടന്ന കരാറോ മറ്റ് ഇടപാടുകൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആർഒസി റിപ്പോർട്ട് നിർദ്ദേശിച്ചു. കൈപ്പറ്റിയ പണവുമായി ബന്ധപ്പെട്ട് ജിഎസ്ടി രേഖകൾ മാത്രമാണ് എക്സാലോജിക്ക് ഹാജരാക്കിയത്. ഇതിനെപ്പറ്റി മാത്രമാണ് വിശദീകരണം നൽക്കിയതെന്നും ആർഒസി ചൂണ്ടിക്കാട്ടി. സെക്ഷൻ 447, സെക്ഷൻ 448, എന്നീ വകുപ്പുകൾ ചുമത്തി എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പറയുന്നു.

2017 ലാണ് എക്‌സാലോജിക്കും സിഎംആർഎല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പ് വച്ചത്. കരാർ പ്രകാരം വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും സിഎംആർഎൽ നൽകി വന്നിരുന്നത്. എന്നാൽ പണം നൽകിയ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടാണ്.

അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. സോഫ്റ്റ് വെയർ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുന്നത്. കരാർ പോലും എക്സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആർഒസിയുടെ കണ്ടെത്തൽ.

കമ്പനീസ് ആക്ട് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആർഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. തടവും പിഴശിക്ഷവും കിട്ടാവുന്ന വകുപ്പുകൾ ആണിത്. കൂടുതൽ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സിഎംആർഎല്ലിന്റെയും കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നാണ് കണ്ടെത്തൽ.