കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ കുടുംബവുമായി ബന്ധമുള്ള വൈദേകം ആയുർവേദിക് റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന.കണ്ണൂർ ജില്ലയിലെ ആന്തൂരിലെ വൈദേകം റിസോർട്ടിലാണ് പരിശോധന. ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയാണ് ചെയർപേഴ്‌സണായ കമ്പനിയുടെ ഉടമസ്ഥതയിലാണ് റിസോർട്ട്.ഇ പി ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്‌സണും റിസോർട്ടിൽ പങ്കാളിത്തമുണ്ട്.

രണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. ജിഎസ്ടി വകുപ്പ് ഉദ്യോദഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 13 ഡയറക്ടർമാർ ഉള്ള റിസോർട്ടിൽ കൂടുതൽ ഓഹരിയുള്ളത് ജെയ്സനാണ്. ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽനേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.

ആയുർവേദ റിസോർട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ഉന്നയിച്ചിരുന്നു. എന്നാൽ റിസോർട്ട് നടത്തിപ്പിൽ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകൻ ജയ്സനുമാണ് ഇതിൽ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകൻ വിദേശത്തു ജോലി ചെയ്ത സമ്പാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കിൽ നിന്നു വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപിയുടെ വിശദീകരണം.

കണ്ണൂർ ആയുർവ്വേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട്. പി കെ ജയ്‌സൺ റിസോർട്ടിന്റെ സ്ഥാപക ഡയരക്ടറാണ്. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജന്റെ മകന് അന്നുണ്ടായിരുന്നത്. 2014ലാണ് അരോളിയിൽ ഇ പി ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ പി ജയരാജന്റെ മകൻ ജയ്‌സണാണ് കമ്പനിയിൽ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ. തലശ്ശേരിയിലെ കെട്ടിട നിർമ്മാണക്കരാറുകാരനാണ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനി. ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാംമള ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ ആയിരുന്ന വേളയിൽ ഈ റിസോർട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപ്രശ്‌നമില്ലാതെ പരിഹരിച്ചു നൽകിയിരുന്നു.

ഇ.പി. ജയരാജന്റെ കുടുംബത്തിൽ പി.കെ. ഇന്ദിരയ്ക്കും മകൻ ജയ്‌സണുംകൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുൻ എം.ഡി. കെ.പി. രമേശ്കുമാറും മകൾ ഫിദയ്ക്കുംകൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണു നിലവിൽ ഉള്ളത്. 2021-ൽ ബാങ്കിൽനിന്ന് വിരമിച്ച് റിസോർട്ടിന്റെ ചെയർപേഴ്‌സണായി പി.കെ. ഇന്ദിര ചുമതലയേൽക്കുമ്പോൾ ചുരുങ്ങിയ ഷെയർ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയർ) മകൻ ജയ്‌സണായിരുന്നു ചെയർമാൻ. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയർപേഴ്‌സണാക്കി ഡയറക്ടർബോർഡ് തീരുമാനമെടുത്തു.

2021-ൽ ബാങ്കിൽനിന്ന് വിരമിച്ച് റിസോർട്ടിന്റെ ചെയർപേഴ്‌സണായി പി.കെ. ഇന്ദിര ചുമതലയേൽക്കുമ്പോൾ ചുരുങ്ങിയ ഷെയർ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയർ) മകൻ ജയ്‌സണായിരുന്നു ചെയർമാൻ. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയർപേഴ്‌സണാക്കി ഡയറക്ടർബോർഡ് തീരുമാനമെടുത്തു.

2014-ൽ അന്നത്തെ എം.ഡി.യായ രമേശ്കുമാർ ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് ജയ്‌സണിന്റെ നേതൃത്വത്തിൽ കമ്പനിക്ക് രൂപംകൊടുക്കുന്നത്. പത്തുകോടി ഷെയർ കാപ്പിറ്റൽ ആയിരുന്നു ലക്ഷ്യം. നിലവിൽ 6.6 കോടി രൂപയാണ് നിക്ഷേപമുള്ളത്. ബാങ്കുകളിൽ 7.35 കോടിയുടെ കടബാധ്യതയുണ്ട്. 48 കിടക്കകളുള്ള സ്ഥാപനത്തിൽ താത്കാലിക തൊഴിലാളികൾ ഉൾപ്പെടെ 25 പേരുണ്ട്. മെഡിക്കൽ ടൂറിസം എന്നനിലയിൽ സ്ഥാപനത്തെ വളർത്തുകയായിരുന്നു ലക്ഷ്യം.

ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ചെയർപേഴ്‌സണായ ആന്തൂരിലെ വിവാദ വൈദേകം ആയുർവേദ റിസോർട്ടിൽ കൂടുതൽ ഓഹരി മുൻ എം.ഡി. കെ.പി. രമേഷ്‌കുമാറിനും മകൾക്കും. അതേസമയം, വ്യക്തിയെന്ന നിലയിൽ പി.കെ. ഇന്ദിരയ്ക്കാണ് കൂടുതൽ ഓഹരി. കെ.പി. രമേഷ്‌കുമാർ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിൽ വൻതോതിൽ നിക്ഷേപം നടത്തിയത് ജയരാജനുമായുള്ള സൗഹൃദംകൊണ്ടാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ കമ്പനിയെ നിയന്ത്രിക്കുന്നത് ഇ.പി. ജയരാജന്റെ കുടുംബം തന്നെയാണ്. എന്നാൽ തനിക്ക് വ്യക്തിപരമായി റിസോർട്ടിൽ പങ്കാളിത്തമില്ലെന്ന് ഇ.പി ജയരാജൻ പാർട്ടി സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി.ജയരാജൻ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു ആരോപണമുന്നയിച്ചതിനെ തുടർന്ന് വ്യക്തമാക്കിയിരുന്നു.