കോഴിക്കോട്: കേരളത്തിലെ 10 ടെക്‌സ്റ്റൈല്‍ ഗ്രൂപ്പുകളിലായി 1200 കോടിയുടെ നികുതിവെട്ടിപ്പ് ആദായനികുതിവകുപ്പ് കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ടെക്സ്‌റ്റൈല്‍സ് ഗ്രൂപ്പുകളും സ്വര്‍ണ്ണക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധമാണ് പുറത്തുവരുന്നത്. ഹവാലയും റിവേഴ്‌സ് ഹവാലയുമെല്ലാം ചേര്‍ന്നതാണ് ഈ ഇടപാടുകള്‍.

ചൈനയില്‍നിന്നടക്കം തുണിത്തരങ്ങള്‍ വാങ്ങുന്നതിന് റിവേഴ്സ് ഹവാല ഇടപാട് നടത്തുന്നതായും ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇങ്ങനെ കള്ളപ്പണം വെളുപ്പിച്ചതിനാല്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനുകൂടി ആദായനികുതിവകുപ്പ് വിവരങ്ങള്‍ കൈമാറും. ചെന്നൈയില്‍നിന്നും കേരളത്തില്‍നിന്നുമുള്ള അറുനൂറോളം ആദായനികുതി ഉദ്യോഗസ്ഥര്‍ 10 ടെക്‌സ്റ്റൈല്‍ ഗ്രൂപ്പുകളുടെ 45 സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കേരളത്തിനുപുറത്തുള്ള മില്ലുകളില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങുന്നത് ഹവാലാ ഇടപാട് വഴിയാണെന്ന് ആദായനികുതിവകുപ്പ് കോഴിക്കോട് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍നടന്ന പരിശോധനയില്‍ നേരത്തേ കണ്ടെത്തിയിരുന്നു. കൊടുവള്ളി ഉള്‍പ്പെടെയുള്ള കേരളത്തിലെ സ്വര്‍ണക്കടത്ത് ഹവാല സംഘങ്ങളുമായി ഈ ടെക്‌സ്റ്റൈല്‍ ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം അവര്‍ സംസ്ഥാനത്തിനുപുറത്ത് വിറ്റ് ടെക്‌സ്റ്റൈല്‍സുകള്‍ക്കുവേണ്ടി തുണിമില്ലുടമകള്‍ക്ക് പണം നല്‍കും. അതിനുപകരം തുക ടെക്‌സ്റ്റൈല്‍സ് ഉടമകള്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് ഇവിടെവെച്ച് കൈമാറും.

ഈ രീതിയില്‍ ഇടപാടുനടക്കുന്നതിനാല്‍ മറ്റുസംസ്ഥാനങ്ങളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ പണം കേരളത്തിലേക്ക് നേരിട്ടുവരില്ല. അതുകൊണ്ട് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നടക്കുന്ന പരിശോധനയില്‍ പിടിക്കാനും കഴിയില്ല. വര്‍ഷങ്ങളായി ഈ ഗ്രൂപ്പുകള്‍ ഈ രീതിയാണ് പിന്തുടരുന്നത്. കേരളത്തിലെ ഒരു കമ്പനി വികസിപ്പിച്ച സോഫ്‌റ്റ്വേര്‍ ഉപയോഗിച്ച് യഥാര്‍ഥ കച്ചവടത്തെക്കാള്‍ കുറച്ചുകാണിക്കാന്‍ മൂന്നുതരം ബില്ലുകള്‍ ഉപയോഗിച്ചാണ് ടെക്‌സ്റ്റൈല്‍സ് ഉടമകള്‍ നികുതിവെട്ടിപ്പ് നടത്തിയത്. അതുകൊണ്ട് സോഫ്‌റ്റ്വേര്‍ വികസിപ്പിച്ച കമ്പനിക്കെതിരേയും ആദായനികുതിവകുപ്പിന്റെ നടപടിയുണ്ടാവും. ബില്ലുകളില്‍ കൃത്രിമം കാട്ടി ടെക്‌സ്റ്റൈല്‍സുകള്‍ ജിഎസ്ടിയില്‍ വെട്ടിപ്പുനടത്തിയിട്ടുണ്ട്.

ഒരു പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് ബില്ലിങ്ങില്‍ കൃത്രിമം കാട്ടുന്നത്. സോഫ്‌റ്റ്വെയര്‍ നിര്‍മാതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. വരുമാനം കുറച്ചു കാണിക്കുന്നതിനായി 3 തരത്തില്‍ ബില്ലിങ് നടത്തും. 10 വസ്ത്ര വില്‍പനശാലകളുടെ 45 കടകളിലെ കഴിഞ്ഞ 6 വര്‍ഷത്തെ കണക്കുകളാണു പരിശോധിച്ചത്. പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ബില്‍ അടിക്കുമ്പോള്‍ ഉപഭോക്താവിനു നല്‍കുന്ന ബില്ലിനു പുറമേ 2 തരം ബില്ലുകള്‍ കൂടി സൃഷ്ടിക്കപ്പെടും. യഥാര്‍ഥ തുകയ്ക്കുള്ള ജിഎസ്ടി അടക്കമുള്ള ബില്ലാണ് ഉപഭോക്താവിനു നല്‍കുക. അധികമായി സൃഷ്ടിക്കപ്പെടുന്ന 2 ബില്ലുകള്‍ വേറെ സെര്‍വറില്‍ സേവ് ചെയ്യപ്പെടും. ഈ തട്ടിപ്പാണ് ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് തെളിഞ്ഞത്.

യഥാര്‍ഥ ബില്ലിന്റെ 70% തുകയ്ക്കുളള ഒരു ബില്ലും 30% തുകയ്ക്കുള്ള മറ്റൊരു ബില്ലും അധികമായി സൃഷ്ടിക്കപ്പെടുന്നു. 30% തുകയ്ക്കുള്ള ബില്‍ രഹസ്യ സെര്‍വറിലേക്കാണു പോകുകയെന്നതിനാല്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകില്ല. 70% തുകയുടെ ബില്‍ മാത്രമേ അവര്‍ക്കു ലഭ്യമാകൂ. സംസ്ഥാനത്തെ 10 ടെക്സ്റ്റൈല്‍ ഗ്രൂപ്പുകളില്‍ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ആദായ നികുതി വെട്ടിപ്പും ഹവാല സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും കണ്ടെത്തുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് തിരുവനന്തപുരം കോവളത്തെ സമുദായ നേതാവുമുണ്ട്.

കേരളത്തിലെ പ്രമുഖ സമുദായ നേതാക്കളില്‍ ഒരു അതിവിശ്വസ്തന്റെ സ്ഥാപനത്തില്‍ അടക്കമാണ് വലിയ തട്ടിപ്പ് ആദായ നികുതി വകുപ്പ് കണ്ടെത്തുന്നത്. വന്‍കിട ബ്രാന്‍ഡുകളൊന്നും അല്ല ഈ ഗ്രൂപ്പുകള്‍. മറിച്ച് മൊത്ത വ്യാപാരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരാണ് പിടിയിലാകുന്നത്. കസവ് കച്ചടവത്തിന് പേരു കേട്ട പ്രമുഖന്‍ വന്‍ തോതില്‍ വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറില്‍ കൃത്രിമം കാണിച്ച് ബില്‍ തുക കുറച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കാസര്‍കോട് മുതല്‍ കൊല്ലം വരെ 45 ഇടങ്ങളിലായിരുന്നു പരിശോധന. ഹവാല ഇടപാടുകള്‍ക്കും തെളിവു ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ തുണി മില്ലുകളില്‍നിന്നും മൊത്തക്കച്ചവടക്കാരില്‍നിന്നും ടെക്‌സ്‌റ്റൈല്‍സുകാര്‍ വാങ്ങുന്ന തുണിത്തരങ്ങളുടെ വില സ്വര്‍ണക്കടത്ത് - ഹവാല സംഘങ്ങളാണു നല്‍കുക. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം കേരളത്തിനു പുറത്തു വിറ്റ് ടെക്സ്റ്റെല്‍സുകള്‍ക്കു വേണ്ടി തുണിമില്ലുടമകള്‍ക്ക് പണം നല്‍കും. തുല്യമായ തുക ടെക്‌സ്‌റ്റൈല്‍ ഉടമകള്‍ ഹവാല ഇടപാടുകാര്‍ക്ക് കേരളത്തില്‍ കൈമാറും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.