ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 12 ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഹൈദരാബാദിലെ മാതാപിതാക്കൾക്ക് കോൾ വന്നതോടെയാണ് തട്ടിക്കൊണ്ടുപോയത് ആണെന്ന് വ്യക്തമായത്. ഒരു ലക്ഷം രൂപയോളമാണ് (1200 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടത്.

മകനെ തട്ടിയെടുത്തെന്നും പണം തന്നില്ലെങ്കിൽ കിഡ്‌നി വിൽക്കുമെന്നും മാതാപിതാക്കളെ സംഘാംഗം ഭീഷണിപ്പെടുത്തി. ഒഹായോയിലെ ക്ലീവ്‌ലൻഡ് സർവകലാശാലയിൽ ഐടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ മുഹമ്മദ്(25). കഴിഞ്ഞ മെയിലാണ് യുവാവ് പഠനത്തിനായി യുഎസിലേക്ക് പോയത്. മാർച്ച് 7 ന് ശേഷം മകൻ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.

ക്ലീവ്‌ലൻഡിൽ മയക്കുമരുന്ന് മാഫിയ സംഘമാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കൾ പറയുന്നത്. അജ്ഞാത നമ്പറിൽ നിന്നാണ് അബ്ദുൾ മുഹമ്മദിന്റെ അച്ഛൻ മുഹമ്മദ് സലീമിന് കഴിഞ്ഞാഴ്ച വിളി വന്നത്. എങ്ങനെയാണ് തുക നൽകേണ്ടെതെന്ന് വിളിച്ചയാൾ പറഞ്ഞില്ല. യുഎസിലെ ബന്ധുക്കളെ മുഹമ്മദ് സലീം വിവരമറിയിച്ചു. അവർ ക്ലീവ്‌ലൻഡ് പൊലീസ് മിസിങ് കേസായി പരാതി നൽകി. കാണാതാകുമ്പോൾ അബ്ദുൾ മുഹമ്മദ് ഒരു വെള്ള ടി ഷർട്ടും, ചുവപ്പ് ജാക്കറ്റും, നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് ക്ലീവലൻഡ് പൊലീസ് അറിയിപ്പിൽ പറഞ്ഞു.

ഷിക്കാഗോയിലെ ഇന്ത്യൻ കൗൺസിലിനെയും സഹായം തേടി കുടുംബം വിവരം ധരിപ്പിച്ചു. നേരത്തെ അഭിജിത്ത് പരുചുരു( 20) എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ബോസ്റ്റണിലെ കാട്ടിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനിടെ യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒൻപതാമത്തെ സംഭവമാണിത്.

മയക്കുമരുന്ന് മാഫിയ സംഘം തന്റെ മകൻ അവരുടെ പക്കൽ ഉണ്ടെന്നതിന് തെളിവൊന്നും നൽകിയില്ലെന്ന് മുഹമ്മദ് സലിം പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കാമെന്ന് മറുപടി പറഞ്ഞെങ്കിലും, അയാൾ ദേഷ്യപ്പെട്ട് ഫോൺ വയ്ക്കുകയായിരുന്നു. കെട്ടിടനിർമ്മാണ സൈറ്റുകളിലെ സൂപ്പർവൈസറാണ് മുഹമ്മദ് സലിം.

സംഘാംഗം വിളിച്ചപ്പോൾ സംസാരിക്കുന്നതിന് തൊട്ടുമുമ്പായി ഒരാൾ കരയുന്നതിന്റെ നേരിയ ശബ്ദം കേൾക്കാമായിരുന്നു. അതുഞങ്ങളുടെ മകനാണോ എന്ന് വ്യക്തമല്ല, അച്ഛൻ മുഹമ്മദ് സലിം പറഞ്ഞു. മകൻ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നതെന്നും 30 മിനിറ്റിനകം പണം കിട്ടിയില്ലെങ്കിൽ തനിക്ക് സഹായിക്കാനാവില്ലെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്.