ന്യൂഡൽഹി: ഫേസ്‌ബുക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ കാമുകനെ തേടി പാക്കിസ്ഥാനിലേക്ക് കടക്കുകയും മതംമാറി വിവാഹം കഴിക്കുകയും ചെയ്ത ഇന്ത്യൻ യുവതി നാട്ടിലേക്ക് മടങ്ങുമെന്ന് പാക് സ്വദേശിയായ ഭർത്താവ്. മക്കളെക്കാണാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് തിരികെയെത്തുന്നത്. ജൂലായ് മുതൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വായിൽ നസ്റുള്ളയോടൊപ്പം ജീവിച്ചുവരികയാണ് മുപ്പത്തിനാലുകാരിയായ അഞ്ജു. നിലവിൽ മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാർത്താ ഏജൻസിയായ പി.ടി.ഐ.ക്കു നൽകിയ അഭിമുഖത്തിലാണ് യുവതി ഇന്ത്യയിലേക്ക് മടങ്ങുന്നതായി ഭർത്താവ് നസ്റുള്ള അറിയിച്ചത്. മക്കളെക്കാണാനാവാത്തതിന്റെ മാനസിക വിഷമത്തിലാണ് യുവതി. ഇന്ത്യയിലേക്ക് പോകാതെ തരമില്ലെന്ന നിലപാടിലാണുള്ളത്. കുട്ടികളെക്കാണുന്നതോടെ വിഷമം മാറിക്കിട്ടും. വിസ ലഭിക്കുകയാണെങ്കിൽ കൂടെ താനും പോവുമെന്നും നസ്റുള്ള പറഞ്ഞു. അടുത്ത മാസത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.

പാക്കിസ്ഥാനിൽ എത്തിയ ശേഷം ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തിരുന്നു. 2007ൽ രാജസ്ഥാൻ സ്വദേശിയായ അരവിന്ദനെ അഞ്ജു വിവാഹം കഴിച്ചിരുന്നു. ഇതിൽ ഇവർക്ക് 15 വയസ്സുള്ള മകളും ആറ് സയസ്സുള്ള മകനുമുണ്ട്.

രാജസ്ഥാനിലെ ഭിവാഡി ജില്ലയിൽനിന്നുള്ള യുവതി ഭർത്താവിനും മക്കൾക്കുമൊപ്പം ഇന്ത്യയിൽ ജീവിച്ചു വരവേ, ഫേസ്‌ബുക്ക് വഴി പാക് യുവാവുമായി പരിചയത്തിലാവുകയായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതോടെ സുഹൃത്തിനെത്തേടി യുവതി പാക്കിസ്ഥാനിലേക്ക് പോയി.
താൻ സ്വന്തം താല്പര്യത്തോടെയാണ് പാക്കിസ്ഥാനിൽ എത്തിയതെന്നും, ഇവിടെ സന്തോഷവതിയാണെന്നും അഞ്ജു പാക് കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 22 ന് വാഗാ അതിർത്തി വഴിയാണ് അഞ്ജു പാക്കിസ്ഥാനിലേക്ക് കടന്നത്.

നിയമപരമായാണ് അഞ്ജു പാക്കിസ്ഥാനിൽ എത്തിയതെന്നും ഒരുമാസം രാജ്യത്ത് തുടരാനുള്ള സാധുവായ വിസ കയ്യിലുണ്ടെന്നും അപ്പർ ദിർ ജില്ലാ പൊലീസ് ഓഫീസർ (ഡിപിഒ) മുഷ്താഖ് ഖാൻ അറിയിച്ചിരുന്നു.

ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേനയാണ് വീടുവിട്ടിറങ്ങിയതെങ്കിലും പിന്നീട് പാക്കിസ്ഥാനിലാണെന്ന് അറിഞ്ഞിരുന്നുവെന്ന് ഭർത്താവ് അരവിന്ദ് പൊലീസിനോട് പറഞ്ഞു. യുവതി അതിർത്തി കടന്നതായി മാധ്യമങ്ങൾ വഴി ഭർത്താവ് മനസ്സിലാക്കുകയായിരുന്നു.

അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ് രംഗത്ത് വന്നിരുന്നു. 'രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ലെന്നായിരുന്നു പ്രതികരണം.