- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്ദുജയുടെ മുഖത്ത് ബസിന്റെ കമ്പിയില്‍ തട്ടിയ പാട്; മരണനാളില്‍ ഫോണ്‍ വന്നതിന് പിന്നാലെ ഇന്ദുജ മുറിയില്‍ കയറി വാതില്‍ അടച്ചു; ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും അഭിജിത്തിന്റെ അമ്മ; യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും
ഇന്ദുജയുടെ മുഖത്ത് ബസിന്റെ കമ്പിയില്‍ തട്ടിയ പാട്
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ദുജയുടെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ഭര്‍ത്താവിന്റെ അമ്മ പൈങ്കിളി. ഇന്ദൂജയുടെ മുഖത്ത് സംഭവിച്ചത് ബസിന്റെ കമ്പിയില്‍ തട്ടിയ പാടെന്ന് അഭിജിത്തിന്റെ അമ്മ പറഞ്ഞു. വീട്ടില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും പൈങ്കിളി പറയുന്നു.
വിവാഹം നടത്തി വീട്ടില്‍ കൊണ്ടുവന്നത് താന്‍ തന്നെയാണ്. വീട്ടില്‍ ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ദുജയുടെ മുഖത്തുണ്ടായത് ബസിന്റെ കമ്പിയില്‍ തട്ടിയ പാടാണ്. മരണദിവസം ഫോണ്‍ വന്നതിന് പിന്നാലെ ഇന്ദുജ റൂമില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. സത്യം പുറത്തുവരണം, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അഭിജിത്തിന്റെ അമ്മ പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ ദുരൂഹത ആരോപിക്കുകയാണ് ഇന്ദുജയുടെ കുടുംബം. രണ്ടാഴ്ച മുന്‍പ് വീട്ടിലെത്തുമ്പോള്‍ മകളുടെ കവിളില്‍ മര്‍ദ്ദനമേറ്റ പാട് ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ റഞ്ഞു. ഇന്ദുജയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരി വയ്ക്കുന്ന തരത്തിലാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മരണത്തിന്റെ ഗൗരവം മനസിലാക്കി തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ഡിവൈഎസ്പി എസ് ഷിബു പറഞ്ഞു.
ഇന്ദുജയുടെ (25) ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റിലെ കണ്ടെത്തല്‍. കണ്ണിന് സമീപത്തായും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദ്ദനമേറ്റതിന് സമാനമായ പാടുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പാലോട് കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ ഇന്നലെ ഉച്ചക്കാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി അമ്പലത്തില്‍ വച്ച് കല്യാണം കഴിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടില്‍ വന്നപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. മകളെ അഭിജിത്ത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നതാണ്. കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണം.
പഠിപ്പിച്ച് മകളെ നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത്ത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഇന്ദുജയ്ക്ക് വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് ആരോപിക്കുന്നു.
ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനു പറയുന്നു. 'അഭിജിത്തിന്റെ വീട്ടിലേയ്ക്ക് പോയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വീട്ടില്‍ അറിയിക്കുമായിരുന്നു. കുടുംബത്തിന് പല കാര്യങ്ങളിലും സംശയമുണ്ട്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ ചേച്ചി മറികടന്നിട്ടുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ അങ്ങോട്ട് ചെല്ലുന്നതും ചേച്ചി ഇങ്ങോട്ട് വരുന്നതും അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു'- ഷിനു പറഞ്ഞു.
ഇന്ദുജയെ അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉച്ചയ്ക്ക് ചോറ് കഴിക്കാനായി അഭിജിത്ത് വീട്ടിലെത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് പറയുന്നത്. ഉടന്‍തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്.