ബെംഗളൂരു: സഹപ്രവര്‍ത്തകയുടെ ശൗചാലയത്തിലെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന നാഗേഷ് സ്വപ്നില്‍ മാലി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഇന്‍ഫോസിസ് കാമ്പസിലുള്ള ശൗചാലയത്തിലെ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.

ഇയാളുടെ ഫോണ്‍ പരിശോധിച്ച സഹപ്രവര്‍ത്തകര്‍ക്ക്, പരാതിക്കാരിയുടെ ഒരു വീഡിയോയും, മറ്റൊരു ജീവനക്കാരിയുടെ വീഡിയോയും, ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത 50-ല്‍ അധികം വീഡിയോകളും ലഭിച്ചതായും പരാതിയിലുണ്ട്.

ജൂണ്‍ 30-ന് കമ്പനിയുടെ ഇലക്ട്രോണിക് സിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു നിഴല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടുത്തുള്ള ക്യൂബിക്കിളില്‍നിന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയെന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു.

ഇയാള്‍ വിവസ്ത്രനായിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉടന്‍ താന്‍ വാഷ്‌റൂമില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി സഹപ്രവര്‍ത്തകരെ കാര്യങ്ങള്‍ അറിയിച്ചു. അവര്‍ ചേര്‍ന്ന് നാഗേഷിനെ തടഞ്ഞുവെച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി.

നാഗേഷ് മൂന്ന് മാസം മുന്‍പാണ് കമ്പനിയില്‍ ചേര്‍ന്നത്. ഇയാള്‍ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കില്ലെന്നും നാഗേഷ് കൂടുതല്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. വീഡിയോയുടെ ഒരു സ്‌ക്രീന്‍ഷോട്ട് തെളിവായി എടുത്തെന്നും ഒറിജിനല്‍ ഫയല്‍ ഡിലീറ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.

ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനും മുമ്പ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നത് അറിയാനുമായി അയാളുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.