തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ 18 കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയും, കേസിൽ അറസ്റ്റിലായ ബിനോയിയും (21) തമ്മിൽ പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ രണ്ടു വർഷത്തോളം പ്രണയത്തിലായിരുന്നു. അക്കാലത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു.

പ്രതി പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണം. പെൺകുട്ടിയെ കൊണ്ടുപോയ വാഹനങ്ങൾ കണ്ടെത്താനും മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് ബിനോയിയെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, മറ്റാരെയോ രക്ഷിക്കാൻ വേണ്ടി ബിനോയിയെ കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.

പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്ന് വ്യക്തമായതോടെയാണ് പോക്‌സോ ചുമത്തിയത്. അനധികൃതമായി ഗർഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വർക്കലയിലടക്കം പൊലീസ് പരിശോധന നടത്തി. പെൺകുട്ടിയുടെ അനുജനിൽ നിന്നും ഞെട്ടിക്കുന്ന മൊഴിയാണ് പൊലീസിന് കിട്ടിയത്.

ജൂൺ 10നാണ് പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 16ന് രാത്രി മരിക്കുകയായിരുന്നു. ബിനോയിയുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസിൽ അറിയിച്ചു.

ജീവനൊടുക്കുന്നതിന്റെ തലേദിവസം അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശത്തിൽ വീട് മാറണമെന്നല്ലാതെ പെൺകുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയിൽ വാതിലടച്ച് ഇരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'ബിനോയിയോടു പറയണം സന്തോഷമായിരിക്കാൻ. ഇനി തോൽവികൾ ഏറ്റുവാങ്ങാൻ സാധിക്കില്ലയെന്നും' കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കൗൺസിലിങ്ങിനു വിധേയയായി പെൺകുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ പറഞ്ഞതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പല സുപ്രധാന വിവരങ്ങളും ഇല്ലായിരുന്നു. കുട്ടിയുടെ മരണ ശേഷമാണ് പല വിവരങ്ങളും പുറത്തു വന്നത്.

സോഷ്യൽ മീഡിയയിൽ വീഡിയോയും റീൽസുമൊക്കെയായി അടുത്തിടെ വരെ സജീവമായിരുന്ന തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ പതിനെട്ടുകാരി മരണത്തിലെ ദുരൂഹതയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലി വീട്ടിലുണ്ടായ പ്രശ്നമടക്കം ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപവും കാരണമായെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പെൺകുട്ടിയുടെ യു ട്യൂബ് വരുമാനം ആൺ സുഹൃത്ത് തട്ടിയെടുത്തുവെന്നും ആരോപണമുണ്ട്.