കണ്ണൂർ: കൂത്തുപറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ അഞ്ചരക്കണ്ടിയിൽ വെടിമരുന്നും മുഴക്കുന്നിലെ വിളക്കോട് വടിവാളും മാരകായുധങ്ങളും കണ്ടെത്തിയ സംഭവത്തിൽ പൊലിസിന് പുറമെ കേന്ദ്ര ഇന്റലിജൻസും അന്വേഷണം ശക്തമാക്കി. സംഭവത്തിന് പിന്നിൽ തീവ്രവാദസംഘടനയ്ക്കു പങ്കുണ്ടോയെന്ന കാര്യമാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷിക്കുന്നത്.

കൂത്തുപറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ അഞ്ചരക്കണ്ടിയിലെ ഇറച്ചിക്കടയിൽ ഒന്നര കിലോ വെടിമരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അത്യുഗ്രസ്ഫോടക ശേഷിയുള്ള ബോംബുണ്ടാക്കാൻ ഉപയോഗിക്കുന്നതാണിതെന്ന സംശയം ഉയർന്നിട്ടുണ്ട്. അഞ്ചരക്കണ്ടി വെൺമണൽ മെട്ടയിലെ തവക്കൽ ചിക്കൻ സ്റ്റാളിനകത്താണ് പോളിത്തീൻകവറിൽ പൊതിഞ്ഞനിലയിൽ വെടിമരുന്ന് കണ്ടെത്തിയത്.

ഇന്നലെ ചിക്കൻ സ്റ്റാൾ ഉടമയായ റഹീം ഇറച്ചിവിതരണത്തിനായി സ്റ്റാൾ പൂട്ടി പുറത്തുപോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കടയ്ക്കകത്ത് വെടിമരുന്ന് കണ്ടെത്തിയത്. കടയുടെ ചിമ്മിനിതട്ടിന്റെ അകത്തൂടെ വെടിമരുന്ന് ആരോ അകത്തേക്കിട്ടതാണെന്ന് സംശയിക്കുന്നതായി ഇയാൾ പൊലിസിനോട് മൊഴിനൽകിയിട്ടുണ്ട്.

സംശയം തോന്നിയതിനെ തുടർന്ന് പൊതി അഴിച്ചു നോക്കിയപ്പോഴാണ് വെടിമരുന്നാണെന്ന് വ്യക്തമായത്. ഉടൻ കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി വെടിമരുന്ന് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് വ്യാപക റെയ്ഡുനടത്തി. റഹീമിന്റെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ പരിധിയിലെ വിളക്കോട് മാരകായുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടു നിന്നും വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കിയത്. കോഴിക്കോടു നിന്നുള്ള ആഭ്യന്തര സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരാണ് മുഴക്കുന്നിലെത്തി അന്വേഷണമാരംഭിച്ചത്. ലോക്കൽ പൊലിസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ വടിവാളുകളും, ആയുധങ്ങളും കണ്ടെത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിനോട് ചേർന്ന ഓവുചാലിലാണ് ഏഴുവടിവാളുകൾ, കൈമഴു, പിച്ചാത്തി, ആയോധനപരിശീലനത്തിനായി ഉപയോഗിക്കുന്ന നഞ്ചക്ക് എന്നിവ കണ്ടെത്തിയത്. ഇവ ഒളിപ്പിച്ചുവെച്ചസംഘത്തെ കുറിച്ചും ആയുധങ്ങൾ ശേഖരിച്ചുവച്ചതിന്റെ ലക്ഷ്യത്തെ കുറിച്ചുമാണ് ആഭ്യന്തര സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നത്. മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ എസ്. ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലാണ് ഒളിപ്പിച്ചുവെച്ച ആയുധശേഖരം പിടികൂടിയത്. ഇതിനെ തുടർന്ന് പൊലിസ് പ്രദേശത്ത് വ്യാപകമായ റെയ്ഡും നടത്തിയിരുന്നു. എന്നാൽ ഈ റെയ്ഡിൽ പുതുതായി ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.