- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ബ്രിജ്ഭൂഷണ് അരികെനിന്ന താരം അസ്വസ്ഥയായിരുന്നു; പെൺകുട്ടിക്ക് മോശമായതെന്തോ സംഭവിച്ചിരുന്നു; ബ്രിജ് ഭൂഷൺ മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്'; പോക്സോ കേസ് പരാതിയിലെ ആരോപണം ശരിവച്ച് അന്താരാഷ്ട്ര റഫറി ജഗ്‌ബിർ സിങ്
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ്ഭുഷൺ ശരൺ സിങ്ങിനെതിരായ പോക്സോ കേസ് പരാതിയിലെ ആരോപണങ്ങൾ ശരിവെച്ച് അന്താരാഷ്ട്ര റഫറി ജഗ്ബീർ സിങ്. വനിതാ ഗുസ്തി താരത്തിനെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിന് ഏതാനും അടി അകലെ താൻ നിൽപ്പുണ്ടായിരുന്നുവെന്നും കൗമാരതാരം അസ്വസ്ഥയായിരുന്നുവെന്നുമാണ് ജഗ്ബീർ സിങ് വെളിപ്പെടുത്തിയത്. പൊലീസ് ചോദിച്ചപ്പോൾ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ് ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്‌പ്രസിനോടു പ്രതികരിച്ചു.
പ്രായപൂർത്തിയാവാത്ത താരത്തോട് ബ്രിജ് ഭൂഷൺ മോശമായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവും അന്താരാഷ്ട്ര റഫറിയുമായ ജഗ്‌ബിർ സിങ് പറഞ്ഞു. കേസിൽ 125 സാക്ഷികളിൽ ഒരാളാണ് ജഗ്‌ബിർ സിങ്. കേസിൽ ജൂൺ 15-ന് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ പരാതി വ്യാജമാണെന്ന വെളിപ്പെടുത്തലുമായി പോക്സോ കേസിലെ പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
മത്സരത്തിൽ തോൽപ്പിച്ചതിനുള്ള പ്രതികാരമായാണ് ആരോപണമുന്നയിച്ചതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പിതാവ് പറഞ്ഞിരുന്നു. ഇത് കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസിനെ ദുർബലപ്പെടുത്തുമെന്ന വാദം നിലനിൽക്കവെയാണ് ജഗ്‌ബിർ സിങ്ങിന്റെ വെളിപ്പെടുത്തൽ. അന്വേഷണസംഘത്തിന് നൽകിയ മൊഴിയാണ്, ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്.
'പെൺകുട്ടിക്കടുത്ത് ബ്രിജ് ഭൂഷൺ നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. പെൺകുട്ടി എന്തോ പിറുപിറുത്ത് അയാളെ തള്ളിമാറ്റി, സ്വയം മോചിതയായി, അവിടെനിന്ന് മാറി. പ്രസിഡന്റിന് തൊട്ടടുത്തായിരുന്നു പെൺകുട്ടി നിന്നിരുന്നത്. അവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഞാൻ കണ്ടിരുന്നു. അസ്വസ്ഥയായിരുന്നു. പെൺകുട്ടിക്ക് മോശമായതെന്തോ സംഭവിച്ചിരുന്നു. അയാൾ എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടില്ല, എന്നാൽ പെൺകുട്ടിയെ അയാൾ സ്പർശിച്ചുകൊണ്ടിരിക്കുന്നതും അടുത്ത് വന്ന് നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നുതും ഞാൻ കണ്ടു. പരാതിക്കാരിയുടെ പെരുമാറ്റത്തിൽനിന്ന് അവർക്ക് എന്തോ മോശമായി സംഭവിച്ചുവെന്ന് മനസിലായി', ജഗ്‌ബിർ സിങ്ങ് പറഞ്ഞു.
ഈ സംഭവം നേരിട്ടു കണ്ടുവെന്നാണ് 2007 മുതൽ രാജ്യാന്തര റഫറിയായി സേവനം ചെയ്യുന്ന ജഗ്‌ബിർ സിങ് സ്ഥിരീകരിച്ചത്. ഈ ഫോട്ടോ കാണിച്ചാണ് ഡൽഹി പൊലീസ് വിവരങ്ങൾ തേടിയതെന്നും അതിനു മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുൾപ്പെടെ മൂന്നു വനിതാ താരങ്ങളുടെ പരാതി ജഗ്‌ബിർ സ്ഥിരീകരിക്കുന്നു.
ഫോട്ടോ സെഷനിടെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും എതിർത്തപ്പോള് ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി നൽകിയ മൊഴി. പോക്സോ കേസിനുപുറമേ ആറു വനിതാ താരങ്ങൾ നൽകിയ മറ്റൊരു പാരാതിയും ബ്രിജ് ഭൂഷണെതിരായുണ്ട്.




