- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാനുള്ള അസാധാരണ കഴിവ്; വനമേഖലകളിൽ ദശാബ്ദങ്ങളായി വന്യമൃഗവേട്ട നടത്തിയ 'പ്രേതം'; നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് സാമ്രാജ്യം പടുത്തുയർത്തിയ 'വനിതാ വീരപ്പൻ'; 10 വർഷമായി ഇന്റർപോൾ തിരയുന്ന കുപ്രസിദ്ധ അന്തർദേശീയ വന്യമൃഗവേട്ടക്കാരി യാങ്ചെൻ ലാചുങ്പ പിടിയിൽ
ഭോപ്പാൽ: ഇന്റർപോൾ പത്തുവർഷമായി തിരഞ്ഞുകൊണ്ടിരുന്ന കുപ്രസിദ്ധ അന്തർദേശീയ വന്യമൃഗവേട്ടക്കാരി യാങ്ചെൻ ലാചുങ്പാ സിക്കിമിൽ പിടിയിൽ. മധ്യപ്രദേശിലെ നർമദപുരം കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ചുദിവസത്തേക്ക് ടൈഗർ സ്ട്രൈക്ക് ഫോഴ്‌സിന്റെ കസ്റ്റഡിയിൽ വിട്ടു. നിയമസംവിധാനത്തിൽ നിന്നും അന്വേഷണ ഏജൻസികളിൽ നിന്നും വിദഗ്ധമായി ഒഴിഞ്ഞുമാറാനുള്ള ഇവരുടെ കഴിവ് തന്നെയാണ് 'പ്രേതം' എന്ന വിളിപ്പേരിന് പിന്നിലെ കാരണം.
ടിബറ്റൻ വംശജയായ ലാചുങ്പാ ഇന്ത്യ, ടിബറ്റ്, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനമേഖലകളിൽ ദശാബ്ദങ്ങളായി വന്യമൃഗവേട്ട നടത്തിവരികയായിരുന്നു. എല്ലാ നിരീക്ഷണ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് സ്വന്തമായൊരു സാമ്രാജ്യം തന്നെ ഇവർ സ്ഥാപിച്ചു. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാനുള്ള അസാധാരണ കഴിവ് കാരണം അന്വേഷണ സംഘം ഇവരെ 'പ്രേതം' എന്നാണ് വിളിച്ചിരുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലെ പലയിടങ്ങളിലായി ഒളിത്താവളങ്ങൾ മാറി മാറി ഉപയോഗിച്ച് ഇവർ പ്രവർത്തിച്ചു. മധ്യപ്രദേശിലെ വനമേഖലകൾ നേപ്പാൾ, ചൈന അതിർത്തികളിലേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലാണ് ഇവരുടെ സംഘം പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഇവർ 'വനിതാ വീരപ്പൻ' എന്നറിയപ്പെട്ടു.
ഡിസംബർ രണ്ടിനാണ് ഇന്ത്യ-ചൈന അതിർത്തിയിലെ കാട്ടിലെ ഇവരുടെ ഒളിസങ്കേതത്തിൽ നിന്ന് ലാചുങ്പയെ പിടികൂടിയത്. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്‌സും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സിക്കിമിൽ വെച്ച് ഇവർ പിടിയിലായത്. ഡൽഹിയിലും സിക്കിമിലുമായി മാറിമാറി താവളമുറപ്പിച്ച് അന്വേഷണ സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് നടന്നിരുന്ന ഇവരെ പിടികൂടുന്നതിനായി കേന്ദ്രസർക്കാർ ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. അറസ്റ്റ് ഉറപ്പായപ്പോൾ ഇവർ രണ്ട് സെൽഫോണുകളും ഡയറികളും നശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ലോകവ്യാപകമായ വന്യജീവി ഉത്പന്ന വ്യാപാര ശൃംഖലയുടെ പ്രധാന കണ്ണിയാണ് ലാചുങ്പാ. വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ നാട്ടുകാരുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നു. ലാചുങ്പായുടെ മുൻ ഭർത്താവ് ജയ് തമങ് നേരത്തെ ഡൽഹിയിൽ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്നാണ് ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഈ മേഖലയിലുള്ള സ്വാധീനത്തെക്കുറിച്ചും അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കുടുവയുടെ തോലും എല്ലും, ഈനാംപേച്ചിയുടെ മുള്ളുകൾ, റെഡ് സാൻഡർ, ഷഹ്തൂഷ് എന്ന മൃഗത്തിന്റെ തോല്, കോർഡിസെപ്സ് എന്ന അപൂർവയിനം കൂണുകൾ, ചില അപൂർവയിനം മരനീരുകൾ തുടങ്ങിയവയാണ് ഇവർ അന്തർദേശീയ കരിഞ്ചന്തയിൽ വിൽപന നടത്തിയിരുന്നത്.
2015-ൽ ടൈഗർ സ്ട്രൈക്ക് ഫോഴ്സ് നടത്തിയ ഒരു വൻ ഓപ്പറേഷനിൽ കടുവയുടെ എല്ലുകളും ഈനാംപേച്ചിയുടെ മുള്ളുകളും ഉൾപ്പെടെയുള്ള വസ്തുക്കളുമായി 31 അംഗ സംഘം പിടിയിലായി. സത്പുര കടുവാ സങ്കേതത്തിലെ വേട്ടക്കാരായിരുന്നു ഇവർ. പിടിയിലായവർക്ക് കോടതി ശിക്ഷ വിധിച്ചതോടെയാണ്, ഇന്ത്യയിലെ വേട്ടക്കാർക്ക് പിന്നിൽ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന ഒരു അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന സൂചന ആദ്യമായി അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നത്. ഈ ശൃംഖലയുടെ അധിപയായിരുന്നു ലാചുങ്പ.
2017-ൽ ലാചുങ്പയെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെങ്കിലും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി ഇവർ രക്ഷപ്പെട്ടു. പിന്നീട്, 2019-ൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും അവർ ഒളിവിൽ പോകുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ, അന്താരാഷ്ട്ര വന്യജീവി കള്ളക്കടത്ത് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും, ഇവരുടെ ധനസഹായ സ്രോതസ്സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.




