- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിച്ച റിട്ട എസ് പി ബാസ്റ്റിൻ സാബുവിനെ ഉൾപ്പെടുത്തണം; 2019-20 വർഷത്തെ ഐപിഎസ് സെലക്ഷൻ പട്ടിക പുതുക്കാൻ യു പി എസ് സി നിർദ്ദേശം; പരിഷ്‌കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്‌ത്തി അട്ടിമറി
തിരുവനന്തപുരം: സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (ക്യാറ്റ്) നിർദേശിച്ച റിട്ട.എസ്‌പി ബാസ്റ്റിൻ സാബുവിനെ ഉൾപ്പെടുത്തി 2019-20 വർഷത്തെ ഐപിഎസ് സെലക്ഷൻ പട്ടിക പുതുക്കാൻ യുപിഎസ്‌സി നിർദ്ദേശം.
ഇതനുസരിച്ച് പട്ടിക പുതുക്കി മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും യുപിഎസ്‌സിക്ക് അയ്ക്കാതെ സെക്രട്ടറിയേറ്റിൽ പൂഴ്‌ത്തി. പരിഷ്‌കരിച്ച പട്ടിക വരുന്നതോടെ ലഭിച്ച ഐപിഎസ് ചില ഉദ്യോഗസ്ഥർക്ക് നഷ്ടമാകും. ഐപിഎസ് ഉദ്യോഗസ്ഥരുടെ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്ന നോൺ ഐപിഎസ് എസ്‌പിമാർക്ക് പഴയ ഡിവൈ.എസ്‌പി റാങ്കിലുള്ള ജോലിയിലേക്ക് മടങ്ങേണ്ടിയും വരും. ഇങ്ങനെയുള്ളവർക്ക് വേണ്ടി സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് പട്ടിക പൂഴ്‌ത്തിയിരിക്കുന്നത് എന്നാണ് ആരോപണം.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.പി.എസ്.സി സെലക്ഷൻ കമ്മറ്റി ചേർന്ന് കഴിഞ്ഞ വർഷം നവംബറിൽ 2019, 20 വർഷങ്ങളിൽ കേരളത്തിൽ നിന്നുള്ള 21 എസ്‌പിമാർക്ക് ഐപിഎസ് നൽകിയത്. ഇവരിപ്പോൾ വിവിധ തസ്തികകളിൽ എസ്‌പിമാരായി ജോലി നോക്കുന്നു. റിട്ട.എസ്‌പി ബാസ്റ്റിൻ സാബുവിനെ 2019-20 ലെ പട്ടികയിൽ പരിഗണിക്കണമെന്നും അദ്ദേഹത്തിനുള്ള തസ്തിക ഒഴിച്ചിടണമെന്നും സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ 2021 ൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കേ തന്നെ 2019-20 വർഷത്തേക്കുള്ള ഐപിഎസ് സെലക്ഷൻ ലിസ്റ്റ് യുപിഎസ്‌സി അംഗീകരിച്ച് 21 പേർക്ക് നിയമനം നൽകിയത്.
ക്യാറ്റിന്റെ ഉത്തരവ് ഉണ്ടായിട്ട് കൂടി ഈ പട്ടികയിൽ ബാസ്റ്റിൻ സാബുവിനെ പരിഗണിച്ചില്ല. അൺഫിറ്റ് ആണെന്ന് കാണിച്ചാണ് അദ്ദേഹത്തിന്റെ അവസരം നഷ്ടമാക്കിയത്. എന്നാൽ, ഇന്റഗ്രിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതും രണ്ടു വട്ടം യുപിഎസ്‌സി അൺഫിറ്റ് എന്ന് വിധിയെഴുതുകയും ചെയ്തവർ വരെ പട്ടികയിൽ കടന്നു കൂടി. തനിക്ക് നിയമനം നൽകിയില്ലെന്ന് കാട്ടി ബാസ്റ്റിൻ സാബു വീണ്ടും ക്യാറ്റിനെ സമീപിച്ചു.
ബാസ്റ്റിനെ 2019-20 വർഷത്തെ പട്ടികയിൽ പരിഗണിക്കാൻ ക്യാറ്റ് വീണ്ടും നിർദ്ദേശം നൽകി. ബാസ്റ്റിന് മാത്രമായി സെലക്ഷൻ കമ്മറ്റി ചേർന്ന് ഐപിഎസ് നൽകാൻ സാധിക്കില്ല. ഇതോടെയാണ് ഈ പട്ടിക മുഴുവനായി പുനഃപരിശോധിച്ച് പരിഷ്‌കരിക്കാൻ യുപിഎസ്‌സി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്. ഇതിൻ പ്രകാരം പട്ടിക പരിഷ്‌കരിക്കുമ്പോൾ ബാസ്റ്റിന് നിയമനം ലഭിക്കുകയും നിലവിൽ ഐപിഎസ് കിട്ടിയ ചില ഉദ്യോഗസ്ഥർ പുറത്താവുകയും ചെയ്യും.
പരിഷ്‌കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പു വച്ചിട്ടും യുപിഎസ് സിക്ക് അയയ്ക്കാതെ സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിൽ പൂഴ്‌ത്തി വച്ചിരിക്കുന്നത് ബാഹ്യഇടപെടൽ കാരണമാണെന്നാണ് വിവരം. ഐപിഎസ് നഷ്ടമാകുന്ന ചില ഉദ്യോഗസ്ഥരും നിലവിൽ ഐപിഎസ് തസ്തികയിൽ ജോലി ചെയ്യുന്ന നോൺ ഐപിഎസ് എസ്‌പിമാരിൽ ചിലരും ഇതിന് വേണ്ടി ചരടുവലിച്ചുവെന്നാണ് സൂചന.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്