കണ്ണൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇരിട്ടി അങ്ങാടിക്കടവിലെ സഹകരണ സൊസൈറ്റിയിൽ വ്യാജരേഖ ചമച്ചു ബിനാമി വായപകൾ തരപ്പെടുത്തി സെക്രട്ടറി ഒന്നരകോടി രൂപയോളം തട്ടിയെടുത്തതായി പരാതി. ഇതിൽ പ്രതിഷേധിച്ചു രാജിവെച്ച പ്രസിഡന്റിന്റെ പരാതിയിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇരിട്ടി ബ്ളോക്ക് അഗ്രികൾച്ചറിൽ ആൻഡ് അലൈഡ് എംപ്ളോയിസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് പകൽക്കൊള്ള നടന്നത്. സ്ഥാപനത്തിന്റെ സെക്രട്ടറിയായ കരിക്കോട്ടക്കരി കൂമൻതോട്ടെ വാഴാംപ്ളാക്കൽ വി.ഡി ജോളിക്കെതിരെ(48)യാണ് പരാതി ഉയർന്നത്. 2006-മുതൽ കഴിഞ്ഞ മാസം വരെ ജോളി നിരവധി പേരുകളിലായി വ്യാജലോൺ അപേക്ഷ തയ്യാറാക്കിയാണ് ഒന്നരകോടിരൂപയോളം തട്ടിയെടുത്തതെന്നാണ് ആരോപണം.

സൊസൈറ്റി പ്രസിഡന്റായിരുന്ന എ.ജെ തോമസാണ് തട്ടിപ്പിന്റെവിശദാംശങ്ങളുമായി കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് കരിക്കോട്ടക്കരി പൊലിസ് ജോളിക്കെതിരെ കേസെടുത്തത്. ഒരുവർഷം മാത്രം പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന തോമസിന്റെ കാലയളവിലാണ് പതിനാറുവർഷമായി നടന്നുവരുന്ന തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്. സഹകരണ ഓഡിറ്റർ ജയശ്രീ നടത്തിയ ഓഡിറ്റിങ്ങിൽ ആരോപണങ്ങൾ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈക്കാര്യം പകൽ പോലെ തെളിഞ്ഞതോടെ കോടതിയിൽ സെക്രട്ടറിക്കെതിരെ ഹർജി നൽകിയ ശേഷം നിലവിലുണ്ടായിരുന്ന പ്രസിഡന്റ് തോമസ് തൽസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇപ്പോൾ ഭരണസമിതി അംഗമായ തോമസ് വലിയതൊട്ടിക്കാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല. 2006-മുതൽ അരങ്ങേറുന്ന ധനാപഹരണ കാലത്തൊക്കെ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നത് മുൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റായ സെബാസ്റ്റ്യൻ പറക്കണശേരിയാണ്.

തുടർച്ചയായി മൂന്നു തവണ പ്രസിഡന്റായ കോൺഗ്രസ് നേതാവ് സൊബാസ്റ്റിയൻ ഇത്ര വലിയ തട്ടിപ്പ് കൺമുൻപിൽ അരങ്ങേറിയിട്ടും നടപടിയെടുത്തില്ലെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്. രജിസ്റ്റർ , ലഡ്ജർ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ ക്രമക്കേട് കാണിച്ചാണ് സെക്രട്ടറി തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. ചുരുങ്ങിയ പലിശയ്ക്കു കാർഷിക വായ്പകൾ ലഭ്യമാക്കുന്നതിന്റെ മറവിൽ അയ്യൻകുന്ന് പഞ്ചായത്തിലെ നിരവധിയാളുടെ പേരിൽ അവരറിയാതെ സെക്രട്ടറി ഒപ്പിട്ട് വായ്പായിനത്തിൽ തുക തട്ടിയെടുക്കുകയായിരുന്നു.

കാലാവധിയെത്തിയ വായ്പകളിൽ തിരിച്ചടവില്ലാത്തതാണ് ഓഡിറ്ററിലും സംശയം ജനിപ്പിച്ചത്. കിട്ടാക്കടം പെരുകിയതോടെ സ്ഥാപനം ഏതുനിമിഷം വേണമെങ്കിലും മുങ്ങുമെന്ന അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ വായ്പകൾ അനുവദിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ്. ജോളി ആറു മാസമായി സസ്പെൻഷനിലാണ്. അങ്ങാടിക്കടവിലെ വാടകവീട്ടിൽ താമസിച്ചുവന്നിരുന്ന ജോളിയിപ്പോൾ ഇടുക്കിയിലെ ഭാര്യവീട്ടിൽ താമസം മാറ്റിയിരിക്കുകയാണ്.

എന്നാൽ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിലായിരിക്കുകയാണ്. പണം നിക്ഷേപിച്ചവർ പണം തിരികെ കിട്ടുന്നതിനായി പൊലിസിനെ സമീപിച്ചിട്ടുണ്ട്. കരിക്കോട്ടക്കരി സി. ഐ പി.ബി സജീവിന്റെ നേതൃത്വത്തിലാണ് പൊലിസ് കേസ് അന്വേഷണം നടത്തിവരുന്നത്.