തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി 'ഹണി ട്രാപ്പ്' ആണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രേഖ രംഗത്ത്. പണത്തിനും ഫ്‌ലാറ്റിനും വേണ്ടിയുള്ള ആസൂത്രിത ചതിക്കെണിയാണ് പരാതിയെന്ന് രേഖ പറയുന്നു. അതേസമയം, ഇരു കക്ഷികളുടെയും പരാതികളില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

2023 സെപ്റ്റംബറില്‍ പരിചയപ്പെട്ട ശേഷം വിവാഹവാഗ്ദാനം നല്‍കി പലയിടങ്ങളിലും വെച്ച് ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയുടെ പരാതി. രണ്ടാം ഭാര്യയായി സ്വീകരിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍, 500 രൂപ ഗൂഗിള്‍ പേയില്‍ അയച്ചുനല്‍കി തുടങ്ങിയ പരിചയമാണെന്നും കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞ് യുവതി കൂടുതല്‍ അടുത്തതാണെന്നും ഡോ. സുനില്‍കുമാറിന്റെ ഭാര്യ രേഖ ആരോപിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പണം കൈപ്പറ്റിയ യുവതി പിന്നീട് ഫ്‌ലാറ്റ് ആവശ്യപ്പെട്ട് ഭീഷണിയാകുകയായിരുന്നു. ഫ്‌ലാറ്റ് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ലൈംഗിക പീഡന പരാതി നല്‍കിയതെന്നാണ് രേഖയുടെ വാദം.

യുവതിയുടെ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സുനില്‍കുമാര്‍ നേരത്തെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുകക്ഷികളെയും കൗണ്‍സിലിങ്ങിന് വിളിച്ച് പ്രശ്‌നം പരിഹരിച്ചതാണ്. കുടുംബം പുതുതായി വാങ്ങുന്ന ഫ്‌ലാറ്റ് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പീഡന പരാതി ഉന്നയിക്കുന്നത്. ഈ പരാതിയെ നിയമപരമായി നേരിടുമെന്നും അവര്‍ അറിയിച്ചു.

യുവതിക്കെതിരെ ഡോ. സുനില്‍കുമാറും പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം യൂണിറ്റ് ചീഫായ ഡോ. സുനില്‍കുമാര്‍ അവധിയിലാണ്. ഇരു കക്ഷികളുടെയും പരാതികളില്‍ പോലീസ് വിശദമായ പരിശോധന നടത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

പരാതി ഇങ്ങനെ

വിദേശത്ത് ജോലി ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശിനിയെ 2023-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്വാര്‍ട്ടേഴ്‌സിലും കോവളത്തെ വിവിധ ഹോട്ടലുകളിലും വെച്ച് ഡോ. സുനില്‍കുമാര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഡോ. സുനില്‍കുമാറിനെ ചോദ്യം ചെയ്തരുന്നു.

യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും, പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായും ഡോ. സുനില്‍കുമാര്‍ പോലീസിന് മൊഴി നല്‍കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് സംഘത്തിന്റെയും സഹായം പോലീസ് തേടിയിട്ടുണ്ട്. ഇരുപക്ഷത്തിന്റെയും സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി.