- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടു; ലക്ഷ്യം വെച്ചത് തൃശ്ശൂരിലെ ക്ഷേത്രങ്ങൾ; പുരോഹിതനെ ആക്രമിക്കാനും നീക്കം: എൻഐഎ കസറ്റഡിയിലുള്ള ഐഎസ് ഭീകരന്റെ മൊഴി
കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചപ്പോൾ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ. പെറ്റ് ലവേഴ്‌സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്നാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.
ഇത് സംബന്ധിച്ച മൊഴി കസ്റ്റഡിയിലുള്ള നബീല് നൽകിയെന്നാണ് എൻഐഎ വ്യക്തമാകകുന്നത്. തൃശൂർ - പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘം ആലോചിച്ചത്. ഇതിനായി പദ്ധതി തയ്യാറാക്കിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഇയാളെ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.
ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിർവഹിച്ചിരുന്നവരിൽ ഒരാൾ നബീലാണ്. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് നബീൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിൽ നിന്നാണ് എൻഐഎ സംഘത്തിന്റെ വലയിലായത്. കർണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു മലയാളിയായ നബീൽ. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളിൽ ഒരാളാണ് നബീലെന്ന് എൻഐഎ കണ്ടെത്തി.
വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. പിന്നീട് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.




