കണ്ണൂർ: ബംഗ്ളൂരിൽ പാനൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽകൂടെ താമസിച്ച യുവതി കസ്റ്റഡിയിൽ. ബംഗ്ലൂർ ഹൂളിമാവ് അക്ഷയ നഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ പാനൂർ അണിയാരം സ്വദേശിയാണ് കുത്തേറ്റുമരിച്ചത്. പാനൂർ അണിയാരം ശിവക്ഷേത്രത്തിനു സമീപത്തെ കീഴായ മീത്തൽഫാത്തിമാസിൽ ജാബിറാ(30)ണ് മരിച്ചത്.

ഇയാളുടെ ഒപ്പം താമസിച്ചിരുന്ന യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ ജാബിറിനെ യുവതി തന്നെയാണ് ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരേതനായ മജീദിന്റെയും അസ്മയുടെയും മകനാണ് ജാബിർ.ബംഗ്ളൂർ ബന്നാർ ഘട്ട റോഡിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു ഇയാൾ.സഹോദരങ്ങൾ:റാബിയ, റാഷിന, ഹസീന, ഫാത്തിമ.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൂടെയുണ്ടായിരുന്ന യുവതിയെ ബംഗ്ളൂര് പൊലിസ്‌കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്കു പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്. വിവരമറിഞ്ഞ് ജാബിറിന്റെ ബന്ധുക്കൾ ബംഗ്ളൂരിലെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്.

സൗമ്യസ്വഭാവക്കാരനായ ജാബറിന്റെ അപ്രതീക്ഷവിയോഗ വാർത്തയറിഞ്ഞു ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.നാട്ടിലുള്ള വേളകളിൽ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്ന ജാബിർ അണിയാരംകാർക്ക് പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു.