തളിപറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും മുക്കുപണ്ട സ്വർണപണയതട്ടിപ്പിലൂടെ 72 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി തൃക്കരിപ്പൂർ തങ്കയം സ്വദേശി സ്വദേശി ജാഫർ അടുത്ത ബന്ധുക്കളെയും വഞ്ചിച്ചതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ഭാര്യ മുബീനയുടെ അനുജത്തിയുടെ സ്വർണവും ഇയാൾ തട്ടിയെടുത്തിരുന്നു. 14ഗ്രാം തൂക്കം വരുന്ന ഓരോ ലോക്കറ്റിലും നാല് ഗ്രാം സ്വർണം പൂശിയാണ് ഇയാൾ വ്യാജലോക്കറ്റ് പണിതത്.

ഇതിനായി ഭാര്യയുടെ അനുജത്തിയുടെ സ്വർണവും ഇയാൾ ഉപയോഗിച്ചതായാണ് വിവരം. തൽക്കാലം പണയം വയ്ക്കാനെന്ന് പറഞ്ഞാൽ ഇയാൾ ഭാര്യയുടെ അനുജത്തിയിൽ നിന്നും സ്വർണം കൈക്കലാക്കിയത്. അതേ സമയം ഭാര്യയുടെ അനുജത്തി സ്വർണം പണയംവയ്ക്കാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ്. മറ്റു പല ബന്ധുക്കളെയും കൊണ്ടു ഇയാൾ വ്യാജ സ്വർണം പണയംവയ്‌പ്പിച്ചിരുന്നു. അവരൊക്കെ കേസിൽ കുടുങ്ങിയിരിക്കുകയാണ്.

ഇതേ സമയം ഇയാൾ മുക്കുപണ്ട പണയതട്ടിപ്പു നടത്തിയ സൗത്ത് ഇന്ത്യൻ തളിപറമ്പ് ശാഖയിൽ നിന്ന് സ്വർണവും രേഖകളും തളിപറമ്പ് എസ്. ഐ ദിനേശൻ കൊതെരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുടല പഞ്ചാരക്കുളത്ത് ഭാര്യ വീട്ടിൽ താമസക്കാരനുമായ തലയില്ലത്ത് ജാഫറാണ് രണ്ടേ മുക്കാൽ കിലോ വ്യാജസ്വർണം പണയം വെച്ചു 72ലക്ഷം രൂപ തട്ടിയെടുത്തത്.

ഭാര്യ ഉൾപ്പെടെ പത്തുപേരുടെ പേരിലാണ് ഈയ്യത്തിന് സ്വർണം പൂശിയ ലോക്കറ്റുകൾ പണയം വെച്ചു തുക തട്ടിയെടുത്തത്. പണയ ഉരുപ്പിടികൾ തിരിച്ചെടുക്കാത്തതിനാൽലേല നടപടികൾക്കായി പൊട്ടിച്ചു നോക്കിയപ്പോഴാണ് വ്യാജ സ്വർണമാണെന്ന് വ്യക്തമായത്.കഴിഞ്ഞ ദിവസം മണിക്കൂറുകളെടുത്താണ് പൊലസ് മുഴുവൻ ലോക്കറുകളും പരിശോധന നടത്തി കസ്റ്റഡിയിലെടുത്തത്. പുറത്തു നിന്നുള്ള അപ്രൈസറുടെ സഹായവും ഇതിനായി പൊലിസ് തേടിയിരുന്നു. പണയംവെച്ച രേഖകളും പൊലിസ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ജാഫർ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലിസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. തനിക്ക് പണയംവയ്ക്കാൻ വ്യാജ സ്വർണങ്ങൾ നൽകിയത് കാസർകോട് സ്വദേശിയാണെന്ന് ജാഫർ മൊഴി നൽകിയിട്ടുണ്ടെങ്കിലും ഈയാളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.