- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമേ തോക്കു കണ്ടത് നിർണ്ണായകമായി; ആകാശത്തേക്ക് വെടിയുതിർത്തും ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയും സിനിമാ സ്റ്റൈൽ അഭ്യാസം കാട്ടിയത് പഠനം പാതിവഴിക്ക് ഉപേക്ഷിച്ച വിദ്യാർത്ഥി; വിവേകോദയം സ്‌കൂളിനെ ജഗൻ മുൾമുനയിലാക്കിയത് കാൽ മണിക്കൂർ; കൈയിലുണ്ടായിരുന്നത് എയർഗൺ?
തൃശൂർ: അമേരിക്കയിലെ സ്‌കൂളുകളിൽ തോക്കുമായെത്തി വെടിയുതിർത്ത സംഭവങ്ങൾ കേട്ട് ഞെട്ടിയവരാണ് മലയാളികൾ. അതിന് സമാനമായിരുന്നു തൃശൂരിലെ വിവേകോദയം സ്‌കൂളിൽ സംഭവിച്ചത്. പത്തു മണിയോടെ സ്‌കൂളിലെത്തിയ ജഗൻ പൊലീസ് എത്തും വരെ എല്ലാവരേയും മുൾ മുനയിൽ നിർത്തി. തോക്കുയർത്തി ആകാശത്തേക്ക് വെടിവച്ചു. സ്‌കൂളിലെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടി. ഓടുന്നതിനിടെ പലപ്പോഴും തെന്നി വീണു.... ആരുടേയും നേരെ നിറയൊഴിച്ചതുമില്ല. അതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വിവേകോദയം സ്‌കൂളിലെ മുൻ വിദ്യാർത്ഥിയാണ് ഇതെല്ലാം ചെയ്ത ജഗൻ. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂർവവിദ്യാർത്ഥി തോക്കുമായി എത്തി വെടിയുതിർത്തത്. സ്റ്റാഫ് റൂമിൽ കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളിൽ കയറി തോക്കെടുത്ത് മൂന്നുതവണ വെടിയുതിർക്കുകയുമായിരുന്നു.
2023 മാർച്ചിൽ പരീക്ഷ എഴുതേണ്ട പയ്യൻ. എന്നാൽ ആ അധ്യയന വർഷം സ്‌കൂളിൽ സ്ഥിരമായെത്തിയില്ല. പരീക്ഷയും എഴുതിയില്ല. കുറച്ചു കാലം മുമ്പ് പഠിച്ച പയ്യനായതു കൊണ്ട് തന്നെ അദ്ധ്യാപകർക്കെല്ലാം ജഗനെ അറിയാമായിരുന്നു. പഠിക്കാൻ താൽപ്പര്യക്കുറവുള്ളതു കൊണ്ട് പലപ്പോഴും രക്ഷിതാക്കളും അദ്ധ്യാപകർക്ക് മുമ്പിലെത്തി. അതുകൊണ്ടു തന്നെ ജഗനേയും അയാളുടെ സ്വഭാവത്തേയും കുറിച്ച് അദ്ധ്യാപകർക്ക് ഏതാണ്ട് ധാരണയുണ്ടായിരുന്നു. എങ്കിലും സ്‌കൂളിലെത്തി പ്രതിഷേധിച്ചപ്പോൾ അദ്ധ്യാപകർ പരിഭ്രാന്തിയിലായി. പ്രിൻസിപ്പളിന്റെ മുറിയിൽ വച്ച് തോക്ക് പുറത്തേക്ക് എടുത്തത് അവർ കണ്ടു. അപ്പോൾ തന്നെ പൊലീസിനെ വിളിച്ചു. 15 മിനിറ്റു കൊണ്ട് പൊലീസ് എത്തി. ഇതിനിടെയാണ് സ്‌കൂളിനെ അക്ഷരാർത്ഥത്തിൽ ജഗൻ പ്രതിസന്ധിയിലാക്കിയത്.
ജഗന്റെ കൈയിലുണ്ടായിരുന്നത് എയർ ഗൺ ആണെന്നാണ് പൊലീസ് നൽകുന്ന സൂചന. തോക്ക് വിശദ പരിശോധനയ്ക്ക് ഹാജരാക്കും. ജഗന് മാനസിക പ്രശ്‌നമുണ്ടെന്ന് മാതാപിതാക്കളും പൊലീസിനെ അറിയിച്ചു. ബാഗിൽ തോക്കുമായാണ് ജഗൻ സ്‌കൂളിലെത്തിയത്. പൊലീസ് എത്തും വരെ അദ്ധ്യാപകർ മുൾമുനയിലായിരുന്നു. പഠിക്കാൻ പറ്റിയില്ലെന്ന പരാതിയുമായാണ് അവൻ സ്‌കൂളിലെത്തിയത്. പഠിച്ചിരുന്നപ്പോൾ വച്ചു മറന്ന തൊപ്പിയും ചോദിച്ചു. രണ്ടു വർഷം ആണ് ജഗൻ പഠിച്ചത്. ഇതിൽ ഒരു വർഷം മാത്രമേ സ്‌കൂളിൽ എത്തിയൂള്ളൂ. എന്റെ ജീവിതം നശിപ്പിച്ച സ്‌കൂൾ എന്നായിരുന്നു പ്രിൻസിപ്പളിന്റെ റൂമിൽ ഇരുന്ന് ആക്രോശിച്ചത്. പിന്നാലെ മുകളിലത്തെ നിലയിലേക്ക് പോയി. അവിടേയും ബഹളം തുടർന്നു.
പിന്നീട് മുകൾ നിലയിൽ നിന്നും സിനിമാ സൈറ്റൈലിൽ താഴേക്ക് ചാടി. പിന്നെ ഓട്ടം. ഇതിനിടെയിലും ആകാശത്തേക്ക് വെടിവച്ചു. ഇതിനിടെ പൊലീസ് എത്തി. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി. സ്‌കൂളിൽ നിന്നും പാതി വഴിയിൽ പോയ വ്യക്തിയാണ് ജഗൻ. അദ്ധ്യാപകർ തന്റെ ജീവിതം നശിപ്പിച്ചു ഭാവി പോയി എന്നും ജഗൻ പറഞ്ഞുവെന്ന് അദ്ധ്യാപകർ പറയുന്നു. പൊലീസ് എത്തിയപ്പോഴാണ് ജഗൻ ഓടിയതെന്നും അദ്ധ്യാപകർ പറയുന്നു. മതിൽ ചാടിക്കടന്ന് രക്ഷപ്പെടാനും ശ്രമിച്ചെന്ന് അവർ പറയുന്നു. ആരും പ്രതീക്ഷിക്കാത്ത സംഭവമാണ് ഉണ്ടാതെന്ന് അദ്ധ്യാപകർ പറയുന്നു.
ചൊവ്വാഴ്ച രാവിലെ 10.15-ഓടെയായിരുന്നു സ്‌കൂളിനെ നടുക്കിയ സംഭവം. പത്തുമണിയോടെ സ്‌കൂളിലെത്തിയ പൂർവവിദ്യാർത്ഥി ആദ്യം സ്റ്റാഫ് റൂമിലാണ് എത്തിയത്. രണ്ടുകൊല്ലം മുൻപ് പഠനം നിർത്തി പോയപ്പോൾ തന്റെ തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ചില അദ്ധ്യാപകരെയും പേരെടുത്ത് തിരക്കി. തുടർന്ന് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂൾ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതിനുപിന്നാലെയാണ് ഇയാൾ കൈയിലുണ്ടായിരുന്ന ബാഗിൽനിന്ന് തോക്ക് പുറത്തെടുത്തത്. തുടർന്ന് ക്ലാസ്മുറികളിൽ അതിക്രമിച്ചുകയറി വെടിയുതിർക്കുകായിരുന്നു. സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതിൽചാടി രക്ഷപ്പെട്ട ഇയാളെ പൊലീസ് സംഘം പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു.
വെടിവെപ്പ് നടത്തിയ പൂർവവിദ്യാർത്ഥി രണ്ടുകൊല്ലം മുൻപാണ് സ്‌കൂളിൽ പഠിച്ചിരുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്. അന്ന് അദ്ധ്യാപകരെ അസഭ്യം പറഞ്ഞതടക്കമുള്ള പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് പരീക്ഷപോലും എഴുതാതെ പഠനം അവസാനിപ്പിച്ച് ഇയാൾ സ്‌കൂൾ വിട്ടതായും അദ്ധ്യാപകർ പറഞ്ഞു. പ്ലസ് ടു ക്ലാസിലാണ് ആദ്യം വെടിയുതിർത്തത്.
മറുനാടന് മലയാളി ബ്യൂറോ