തൃശൂർ: തൃശൂർ വിവേകോദയം സ്‌കൂളിൽ സ്റ്റാഫ്റൂമിൽനിന്ന് തോക്കുമായി പുറത്തേക്കുപോയ പൂർവവിദ്യാർത്ഥി ആദ്യം വെടിവച്ചത് പ്ലസ്ടു ക്ലാസുകളിൽ കയറി. നാടകീയ രംഗങ്ങളാണ് ഈ ക്ലാസ് മുറിയിൽ ജഗൻ കാട്ടിക്കൂട്ടിയത്. അവിടെ ഉണ്ടായിരുന്ന ആർക്കും സംഭവത്തിന്റെ ഗൗരവം പോലും തുടക്കത്തിൽ മനസ്സിലായില്ല. അദ്ധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇയാൾ ക്ലാസിൽ കയറി വാതിലടച്ചു. എന്താണ് കാര്യമെന്നും ആരാണെന്നും അദ്ധ്യാപിക ചോദിച്ചപ്പോൾ സ്‌കൂളിൽ പഠിപ്പിച്ചിരുന്ന മറ്റൊരു അദ്ധ്യാപകനെയാണ് ഇയാൾ തിരക്കിയത്. ഈ അദ്ധ്യാപകൻ ഏത് ക്ലാസിലാണെന്നും തിരക്കി. ഇതിന് പിന്നാലെ സംഭവമെല്ലാം മാറി മറിഞ്ഞു.

സംഭവം കണ്ടപ്പോൾ പ്രാങ്ക് വല്ലതും ആണെന്നാണ് കുട്ടികൾ കരുതിയത്. ഇതോടെ കുട്ടികൾ ചിരിച്ചു. തൊട്ടുപിന്നാലെയാണ് ഇയാൾ തോക്ക് എടുത്ത് മുകളിലേക്ക് വെടിയുതിർത്തതെന്നാണ് അദ്ധ്യാപിക പറയുന്നത്. ഇതോടെ കുട്ടികളെല്ലാം ഭയന്നു. പിന്നാലെ ഈ ക്ലാസ്മുറിയിൽനിന്ന് പുറത്തിറങ്ങി മറ്റുചില ക്ലാസുകളിലും കയറി വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷമാണ് മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് സിനിമാ സ്റ്റൈലിൽ ജഗൻ ചാടി ഓടിയത്. പൊലീസ് എത്തിയപ്പോൾ മതിൽ ചാടി കടന്ന് രക്ഷപ്പെടാനും ശ്രമിച്ചു. ആരൂടേയും നേരെ വെടിയുതിർത്തില്ലെന്നത് മാത്രമാണ് ജഗൻ കാട്ടിയ വിവേകമുള്ള കാര്യം.

സ്‌കൂളിൽ പതിവുപോലെ ക്ലാസുകൾ നടക്കുന്ന സമയത്ത് രാവിലെ 10.15ഓടെ ഒരാൾ തോക്കുമായി ഓഫിസിലേക്ക് ഓടിക്കയറിയത് ഞെട്ടിച്ചുവെന്ന് വിവേകോദയം എച്ച്എസ്എസ് പ്രിൻസിപ്പൽ പത്മജ പറഞ്ഞു. കയ്യിൽ തോക്കുണ്ടായിരുന്നതിനാൽ അദ്ധ്യാപകർ ഉൾപ്പെടെ എല്ലാവരും ആദ്യം ഭയന്നുപോയെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. ലഹരിക്ക് അടിമപ്പെട്ട ആളെപ്പോലെയായിരുന്നു പ്രതിയുടെ പ്രവൃത്തി. സ്‌കൂളിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്കു ചാടിയ പ്രതി, എന്തു ചെയ്യണമെന്ന് അറിയാതെ തോക്കുമായി ക്ലാസ് റൂമുകളിലേക്ക് ഓടിക്കയറിയതായും പ്രിൻസിപ്പലും സമ്മതിച്ചു.

''ഒരാൾ പതിവുപോലെ സ്‌കൂളിലേക്കു വരുന്നതുപോലെയാണ് ഞങ്ങൾക്ക് ആദ്യം തോന്നിയത്. പെട്ടെന്നാണ് പ്രതി അക്രമാസക്തനായത്. തോക്കെടുത്ത് ഞങ്ങളെ ഭീഷണിപ്പെടുത്തി. അവിടെനിന്ന് പിന്നീട് ക്ലാസ് റൂമുകളിലേക്ക് ഓടിക്കയറി. അദ്ധ്യാപകരുടെ റൂമുകളിലേക്കും കയറിപ്പോയി. അവിടെച്ചെന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ''ഇവിടെനിന്ന് പഠിച്ചുപോയ ഒരു കുട്ടിയാണ്. ഇപ്പോൾ 18 വയസ് കഴിഞ്ഞിട്ടുണ്ട്. കാരണം അവന് പ്രായപൂർത്തിയായതിന്റെ തെളിവുകൾ നമ്മുടെ അഡ്‌മിഷൻ രജിസ്റ്ററുകളിലെല്ലാം ഉണ്ട്. അവൻ ലഹരിക്ക് അടിമയായിരുന്നു എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. സ്‌കൂളിന്റെ ഒന്നാം നിലയിൽനിന്ന് അവൻ താഴേക്കു ചാടിയിരുന്നു. മാത്രമല്ല, തോക്കുമായി ഓരോ ക്ലാസ് റൂമിലും കയറി എന്തു ചെയ്യണമെന്ന് അറിയാതെ അലഞ്ഞു നടക്കുകയായിരുന്നു-പ്രിൻസിപ്പൽ പറഞ്ഞു.

സ്‌കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂർവ വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. സ്റ്റാഫ് റൂമിൽ കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തൃശൂർ മുളയം സ്വദേശിയായ ജഗനാണ് സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജഗൻ ലഹരിക്ക് അടിമയാണെന്നും പറയുന്നു. മാനസിക രോഗ ചികിൽസയിലാണെന്ന് പൊലീസിനെ അച്ഛൻ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർത്ഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്‌കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അദ്ധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്‌കൂളിലേക്ക് എത്തിയത്. സ്‌കൂളിലെത്തിയ ജഗൻ ആദ്യം ഓഫിസ് മുറിയിലേക്കാണ് എത്തിയതെന്ന് അദ്ധ്യാപകർ പറയുന്നു. തുടർന്ന് ക്ലാസ് മുറികളിൽ കയറി. ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അദ്ധ്യാപകർ നൽകുന്ന വിവരം. തോക്ക് തൃശൂർ നഗരത്തിലെ ആയുധവിൽപന കേന്ദ്രത്തിൽനിന്നു വാങ്ങിയതാണെന്നാണു പ്രാഥമിക വിവരം.

സംഭവത്തിനു പിന്നാലെ കലക്ടർ വി.ആർ.കൃഷ്ണതേജ സ്‌കൂളിലെത്തി അദ്ധ്യാപകരുമായി ചർച്ച നടത്തി. തൃശൂർ മേയർ എം.കെ.വർഗീസ്, സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും സ്‌കൂളിലെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തി. ജഗൻ ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പലിന്റെ ഓഫിസിലെത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ നീക്കമായതിനാൽ അദ്ധ്യാപകർ ഭയന്നു. ഉടൻതന്നെ അദ്ധ്യാപകർ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് എത്തുമ്പോഴേയ്ക്കും സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജഗൻ മതിൽ ചാടി പുറത്തുപോയി. അവിടെവച്ച് പൊലീസ് സംഘം വളഞ്ഞുവച്ചാണ് ജഗനെ പിടികൂടിയത്.