- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആസാദ് കാശ്മീർ' പരാമർശത്തിൽ ജലീലിനെതിരെ കേസെടുത്തേക്കും; ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കിയുള്ള നടപടിക്ക് സാധ്യത; രാജ്യദ്രോഹ വകുപ്പിലെ സുപ്രീംകോടതി ഇടപെടൽ തവനൂർ എംഎൽഎയ്ക്ക് ആശ്വാസമാകും; നിയമസഭയിൽ കുഴൽനാടന്റെ പെരുമാറ്റ ചട്ട ഇടപെടലും നിർണ്ണായകമാകും; വീണ്ടും ജലീൽ ചർച്ച
ന്യൂഡൽഹി: 'ആസാദ് കശ്മീർ' പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കുന്നതിൽ ഡൽഹി പൊലീസ് ഉടൻ തീരുമാനം എടുക്കും. കേരളത്തിലും പരാതിയുണ്ട്. കേരളത്തിൽ കേസെടുക്കാത്ത സാഹചര്യത്തിൽ ഡൽഹിയിൽ കേസെടുക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് സൂചന. എന്നാൽ ജാമ്യമുള്ള വകുപ്പുകൾ പ്രകാരമാകും നടപടി. ജലീൽ അഭിപ്രായം പറഞ്ഞതാണെന്നും അതുകൊണ്ടു തന്നെ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടു വരാനാകില്ലെന്നുമുള്ള വാദവും സജീവമാണ്.
ഇതു സംബന്ധിച്ച് ഡൽഹി പൊലീസ് നിയമോപദേശം തേടി. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറി. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീർ' എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് 'ഇന്ത്യൻ അധീന കശ്മീർ' എന്നും വിശേഷിപ്പിച്ചു ജലീൽ ഫേസ്‌ബുക് പോസ്റ്റിട്ടിരുന്നു. വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു.
ഡൽഹി പൊലീസിന് ലഭിച്ച പരാതി സൈബർ ക്രൈമിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷമായിരിക്കും കേസ് എടുക്കുന്നതിൽ തീരുമാനം. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കാത്തതിനെത്തുടർന്ന് അഡ്വ. ജി.എസ്. മണി ഡി.സി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. കാശ്മീർ സന്ദർശന വേളയിലായിരുന്നു ജലീൽ വിവാദ കുറിപ്പിട്ടത്. പരാതി നൽകിയെങ്കിലും അന്വേഷണം തുടങ്ങാതിരുന്നത് ചൂണ്ടിക്കാട്ടി ഡിസിപിക്ക് പരാതി പോയിരുന്നു. ഇതിന് പിന്നാലെയാണ് തുടർ നടപടികളിലേക്ക് ഡൽഹി പൊലീസ് കടക്കുന്നത്. ബിജെപിയുടെ അഭിഭാഷകനാണ് ജി.എസ് മണി. വിഷയത്തിൽ നിയമോപദേശം ലഭിച്ച ശേഷം കേസെടുക്കാൻ സാധ്യതയുണ്ട്.
ജലീലിനെതിരെ രാജ്യദ്രോഹം ചുമത്തണമെന്നാണ് ആവശ്യം. എന്നാൽ ഈ വകുപ്പ് ചുമത്താൻ സുപ്രീംകോടതി ഇടപെടൽ കാരണം കഴിയില്ല. അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഇതിന് കഴിയില്ലെന്നതാണ് നിലവിലെ സാഹചര്യം. അതിനിടെ, വിവാദ പരാമർശത്തിന്റെ പേരിൽ ജലീലിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിനു നടപടി ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എം എൽ എ സ്പീക്കർക്കു കത്തു നൽകി. ജലീലിന്റെ പരാമർശങ്ങൾ നിയമസഭയ്ക്കും സഭാ സമിതിക്കും പൊതുസമൂഹത്തിനു മുന്നിൽ അവമതിപ്പ് ഉണ്ടാക്കി. ജലീൽ നൽകിയ വിശദീകരണത്തിലും ഖേദം പ്രകടിപ്പിക്കാനോ നിലപാടു തിരുത്താനോ തയാറായിട്ടില്ല കത്തിൽ പറയുന്നു.
ജലീലിനെതിരെ കേരളാ പൊലീസിനും പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കേരളാ പൊലീസ് ചെറുവിരൽ പോലും അനക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ പരാതിക്കാരനും കോടതിയെ സമീപിക്കാൻ ഇടയുണ്ട്. നിയമസഭയിലെ ജലീലിനെതിരായ നടപടിയും നിർണ്ണായകമാകും. നിയമസഭാ സമിതിയുടെ കശ്മീർ പഠന പര്യടനവേളയിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സമൂഹമാധ്യമത്തിലൂടെ നടത്തി, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് നിയമസഭാ സമിതിക്കും നിയമസഭയ്ക്കും പൊതുസമൂഹത്തിന് മുന്നിൽ കെ ടി ജലീൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് മാത്യു കുഴൽനാടൻ കത്തിൽ പറയുന്നത്.നിയമസഭാ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവക്ക് വിരുദ്ധമായി പ്രവർത്തിച്ച കെ ടി ജലീൽ എംഎൽഎക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് മാത്യു കുഴൽനാടൻ കത്തിൽ ആവശ്യപ്പെട്ടു.
പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീർ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാൽ കെ ടി ജലീൽ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മുകശ്മീർ താഴ്‌വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകശ്മീർ എന്നും പറഞ്ഞിരിന്നു. പോസ്റ്റ് വിവാദമായതോടെ ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു. താൻ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തതിനാലാണ് പിൻവലിക്കുന്നത് എന്നായിരുന്നു വിശദീകരണം. എന്നാൽ വിശദീകരണത്തിൽ കശ്മീർ സംബന്ധിച്ചു ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ ജലീൽ തയാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ