കല്‍പറ്റ: ബത്തേരി സ്വദേശിയായ യുവാവിനെ ഇസ്രായേലില്‍ ജോലി ചെയ്യുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം. കോളിയാടി ചെലക്കുത്ത് ജിനീഷ് (38) ആണ് മരിച്ചത്. ജെറുസലേമിലെ ജിനീഷ് ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെയും വീടിനകത്ത് കുത്തേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. വൃദ്ധയായ സ്ത്രീയുടെ കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കുന്നതായിരുന്നു ജിനീഷിന്റെ ജോലി.

ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു വയോധികയുടെ മൃതദേഹം. വീടിന് സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ജിനേഷ്. കെയര്‍ ഗിവര്‍ ജോലിക്കായി രണ്ട് മാസം മുമ്പാണ് ജിനീഷ് ഇസ്രായേലില്‍ എത്തിയത്. സംഭവത്തിലെ ദുരൂഹതയില്‍ ഇസ്രായേല്‍ പൊലീസ് അന്വേഷണം തുടങ്ങി. വയോധികയെ കൊന്ന് ജിനീഷ് ആത്മഹത്യ ചെയ്തുവെന്ന തരത്തിലാണ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകളെത്തി. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം. ജിനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

അതിനിടെയാണ് ജിനീഷിന്റെ ബന്ധുക്കള്‍ ചില സംശയം മുന്നോട്ട് വയ്ക്കുന്നത്. വലിയ ജോലി സമ്മര്‍ദ്ദം അനുഭവപ്പെട്ടതായി ജിനീഷ് പറഞ്ഞിരുന്നു. അവിടെ നിന്നും കിട്ടുന്ന വിവരം അനുസരിച്ച് ആരോ ആക്രമണം നടത്തിയെന്നും കൊല നടത്തിയെന്നുമാണ്. ഇസ്രയേലിലുള്ള മലയാളികള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ്. കിടക്കയിലുള്ള രോഗിയായ വീട്ടുടമസ്ഥനും ആക്രമണ സൂചനകള്‍ നല്‍കുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജിനീഷിന്റെ മൃതദേഹം എപ്പോള്‍ വിട്ടു കിട്ടുമെന്നതില്‍ യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

ഇസ്രയേലിലെ മലയാളികളില്‍ നിന്നും വിവരങ്ങള്‍ കിട്ടുന്നുണ്ട്. എന്നാല്‍ അതൊന്നും ആത്മഹത്യയുടേതല്ലെന്നും ജിനേഷിന്റെ സഹോദരി പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനീഷ്. ജിനീഷിന്റെ അമ്മയും കിടപ്പിലായവരെ പരിചരിക്കുന്ന ജോലിയാണ് ചെയ്യുന്നത്. യുഎഇയിലാണ് അമ്മയുടെ ജോലി. അമ്മയുടെ ജോലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ജിനീഷ് ഇസ്രയേലില്‍ പോയത്.

സൗമ്യ സ്വഭാവക്കാരനായിരുന്നു ജിനീഷ്. അതുകൊണ്ട് ജിനീഷ് ക്രൂരത കാട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടില്‍ മോഷണ ശ്രമം നടന്നതായി വീട്ടുടമസ്ഥനും മൊഴി നല്‍കിയെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുടുബത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജിനീഷ് ഒരിക്കലും കൊല നടത്തില്ലെന്നാണ് സഹോദരി അടക്കം പറയുന്നത്. ജെറുസലേമിന് അടുത്തുള്ള സ്ഥലത്തായിരുന്നു ജിനീഷ് ജോലി ചെയ്തിരുന്നത്.

പഴുപ്പത്തൂര്‍ കൈവട്ടാമൂലയിലായിരുന്ന യുവാവ് മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് കോളിയാടി തവനിയില്‍ വീടുവച്ച് താമസം തുടങ്ങിയത്. പരേതരായ സുകുമാരന്റെയും രാധയുടെയും മകനാണ്. ഭാര്യ: രേഷ്മ. മകള്‍: ആരാധ്യ. സഹോദരി. ജിനിത.