തിരുവനന്തപുരം: ജടായുപാറ ടൂറിസത്തിൽ സിനിമ സംവിധായകൻ രാജീവ് അഞ്ചൽ നടത്തിയ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കാൻ നാഷണൽ കമ്പനി ലോ ട്രിബൂണലിന് പുറമേ കേന്ദ്ര സർക്കാരിന്റെയും തീരുമാനം.

സംസ്ഥാനത്തെ ടൂറിസം മേഖല ബിഒടി കരാർ അടിസ്ഥാനത്തിൽ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബിൽഡേഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയിരിക്കുന്നത്. പദ്ധതിയിലേക്ക് പ്രവാസികൾ അടക്കമുള്ള നിക്ഷേപകരെ ഉൾപ്പെടുത്തി ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (JTPL) എന്ന കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയിലെ വിവിധ നിക്ഷേപകർക്കിടയിലെ തർക്കമാണ് എൻസിഎൽടിയിലെ ഹർജിക്ക് ആധാരം. ഇതിന് പുറമേയാണ് കേന്ദ്ര സർക്കാർ അന്വേഷണത്തിനായി ഏപ്രിൽ 12 ന് ഉത്തരവിറക്കിയത്.

2013 ലെ കമ്പനി നിയമത്തിലെ സെക്ഷൻ 210(3) പ്രകാരം, കോർപറേറ്റ് കാര്യ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടർ കെ എം എസ് നാരായണൻ, ഇൻസ്പക്ടർമാരായ ശബരി രാജ്, ഗോകുൽ നാഥ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണചുമതല. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം.

ജടായുപാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, ഗുരുചന്ദ്രിക ബിൽഡേഴ്‌സ് ആൻഡ് പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡ്, ജടായുപാറ അഡ്വഞ്ചർ ടൂറിസം പ്രവറ്റ് ലിമിറ്റഡ്, ജടായു സ്‌കൾപ്ചർ ആൻഡ് മ്യൂസിയം പ്രൈവറ്റ് ലിമിറ്റഡ്, ഗുരുചന്ദ്രിക സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, യുണീക് കേവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് എതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്.

ജടായുപാറ ടൂറിസം ലിമിറ്റഡ് കമ്പനിയിലെ ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതിന് പുറമേ, നടത്തിപ്പിൽ കെടുകാര്യസ്ഥതയുണ്ടെന്നും ആരോപണം ഉള്ളതായി ഉത്തരവിൽ പറയുന്നു. കമ്പനി നിയമത്തിലെ വിവിധ ചട്ടങ്ങൾ ലംഘിച്ചതായ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് അന്വേഷണം.

നേരത്തെ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്( ജെ ടി പി എൽ) ഓഹരി കൈമാറ്റവും, പണം സ്വീകരിക്കലും ഉൾപ്പടെ നാഷണൽ കമ്പനി ലോ ട്രിബ്യുണൽ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ രാജീവ് അഞ്ചൽ സുപ്രീം കോടതിയെ സമീപിക്കുകയും, അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ജടായു പാറയിലെ വിനോദ സഞ്ചാരം തടസപ്പെടുത്താൻ ആകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ആരോപണം ഇങ്ങനെ

കേരള ടൂറിസത്തിന്റെ ആദ്യത്തെ ബിഒടി പദ്ധതിയായ കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ ആസൂത്രകനും ശിൽപിയും കരാറുകാരനുമായ രാജീവ് അഞ്ചൽ കോടികളുടെ സാമ്പത്തികതിരിമറി നടത്തിയെന്നാണ് പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മയായ ജൈഎഡബ്ല്യുഎ (ജടായുപാറ ടൂറിസം ഇൻവെസ്റ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ) യുടെ ആരോപണം.

പദ്ധതിയിലെ നിക്ഷേപകരുടെ ആസ്തി മൂല്യമായ 239 കോടി രൂപയെ പറ്റി യാതൊന്നും പറയാതെ ഏകപക്ഷീയമായും നിയമവിരുദ്ധമായും ജടായു പദ്ധതിയിൽ നിന്ന് നിക്ഷേപകരെ പുറത്താക്കി, പദ്ധതിയുടെ നിയന്ത്രണം മുഴുവനായി തട്ടിയെടുത്തെന്നും പ്രവാസി നിക്ഷേപകർ ആരോപിച്ചിരുന്നു.

രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബിൽഡേഴ്‌സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ബിഒടി പദ്ധതിയുടെ കരാർ നൽകിയിരിക്കുന്നത്. 30 വർഷത്തേക്കാണ് കരാർ. പ്രവാസികൾ അടക്കമുള്ള നിക്ഷേപകർ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (ജെടിപിഎൽ) എന്ന കമ്പനി രൂപീകരിച്ചായിരുന്നു രാജീവ് അഞ്ചലുമായി കരാർ ഉണ്ടാക്കിയത്. ഏഴ് കോടി മാത്രം മതിയെന്ന് പറഞ്ഞ പദ്ധതിക്കായി ഇതിനകം 40 കോടിയോളം രൂപ ചെലവായെന്ന് ജെടിപിഎൽ ആരോപിച്ചിരുന്നു.

16 കോടിയോളം തിരിമറി നടത്തിയെന്ന് മനസിലായതോടെ നിക്ഷേപകർ കേസ് കൊടുക്കാൻ തീരുമാനിച്ചു. പണം മുടക്കിയത് തങ്ങളാണെന്ന വസ്തുത മറന്ന്, ഇത് താനും സർക്കാരും തമ്മിലുണ്ടാക്കിയ കരാറാണെന്നാണ് രാജീവ് അഞ്ചൽ വാദിച്ചതെന്നും പ്രവാസി നിക്ഷേപകർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും, ടൂറിസം മന്ത്രിക്കും ഉൾപ്പടെ പരാതി നൽകിയെങ്കിലും നടപടിയായില്ല. തുടർന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതിന്റെ തുടർച്ചയായാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം.

ആരോപണങ്ങൾ നിഷേധിച്ച് രാജീവ് അഞ്ചൽ

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും രാജീവ് അഞ്ചൽ മുമ്പ് പ്രതികരിച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തി എന്നത് ആരോപണം മാത്രമാണ്. ആരോപണവുമായെത്തിയ ജെടിപിഎൽ എന്ന കമ്പനിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പും റവന്യു കളക്ഷനും ഉൾപ്പടെയുള്ള അവകാശം കൊടുത്തത്. അപ്പോഴും ആ കമ്പനിയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ താനായിരുന്നു. എന്നാൽ വരുമാനം വന്നു തുടങ്ങിയപ്പോൾ കമ്പനിയുടെ ഡയറക്ടർർമാരിൽ ചിലർക്ക് താൻ ഒരു തടസമായി. ബോർഡ് മീറ്റിങ് കൂടി തന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചു.

കരാറിലെ വ്യവസ്ഥകളുടെ ലംഘനം കാണിച്ച് വക്കീൽ നോട്ടീസയച്ചിട്ടും പിൻവലിക്കാതിരുന്നതോടെയാണ് ജെടിപിഎൽ എന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത്. സർക്കാരിന്റെ അനുവാദത്തോടെയായിരുന്നു ഇത്. ഇതോടെ ഡയറക്ടർ ബോർഡിലെ ചിലർ താൻ സാമ്പത്തിക തിരിമറി നടത്തി എന്നാരോപിച്ച് കേസ് കൊടുത്തു. ഇത് ആരോപണം മാത്രമാണ്, 27 കോടി രൂപയാണ് ഈ കമ്പനിയിലെ നിക്ഷേപകർ വഴി ലഭിച്ചത്. കോടതിയിൽ നൽകിയ പരാതിയിലും ഈ തുക തന്നെയാണ് കാണിച്ചിരിക്കുന്നത്. 40 കോടി എന്നൊക്കെ വെറുതെ പറയുന്നതാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് തെറ്റായ വിവരങ്ങൾ നൽകുന്നത്.

അവരിൽ നിന്ന് ലഭിച്ച 27 കോടി രൂപ പദ്ധതിയുടെ നിർമ്മാണങ്ങൾക്ക് മാത്രമായാണ് ഉപയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖകളും ഉണ്ട്. ജടായു പാറയിലെ വിവിധ പദ്ധതികൾക്കായാകും തുക ഉപയോഗിക്കുകയെന്ന് നിക്ഷേപകർക്ക് നൽകിയ ഓഫർ ലെറ്ററിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജടായു പാറ പദ്ധതിയിൽ നിക്ഷേപകരുടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല, ഉണ്ടായത് പദ്ധതി നടത്തിപ്പിന്റെ പേരിലുണ്ടായ തർക്കം മാത്രമാണെന്ന് രാജീവ് അഞ്ചൽ വാദിക്കുന്നു.