കണ്ണൂർ: യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണനെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസ് തുടരന്വേഷണത്തിന് കൈമാറി ഒരു പതിറ്റാണ്ടായിട്ടും അന്വേഷണം ഏറ്റെടുക്കാതെ സിബിഐ മൗനം പാലിക്കുന്നതിൽ ബി.ജെപിയെ രാഷ്ട്രീയ സമ്മർദ്ദത്തിലാഴ്‌ത്തുന്നു.

ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ രജീഷിന്റെ മൊഴിയെ തുടർന്ന് തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ യു.ഡി. എഫ് സർക്കാർ കേസ് സി.ബി. ഐക്കു വിട്ടത്. ജയകൃഷ്ണൻ വധക്കേസിൽ തങ്ങളൊക്കെയാണ് ഥാർത്ഥ പ്രതികളെന്നു പാർട്ടി നൽകിയ പ്രതികളെയാണ് പൊലിസ് അറസ്റ്റു ചെയ്തെന്നുമുള്ള രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ തുടന്വേഷണത്തിന് അപേക്ഷ നൽകുകയായിരുന്നു. കോടതി അനുമതി നൽകിയതോടെ ഡൽഹി പൊലിസ് സ്പെഷ്യൽ എസ്റ്റാബൽഷ്മെന്റ് ആക്ടു പ്രകാരം ഉമ്മൻ ചാണ്ടി സർക്കാരാണ് കേസ് സി.ബി. ഐക്ക് വിട്ടു 2013 ജൂലൈ 31ന് ഉത്തരവിറക്കിയത്.

സ്വന്തം പാർട്ടിയുടെ യുവജനനേതാവായ കെ.ടി.ജയകൃഷ്ണന്മാസ്റ്റർ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ബിജെപി ഇടയ്ക്കിടെ ആവശ്യപ്പെടുമ്പോഴാണ് ഒരു പതിറ്റാണ്ടായി ഡൽഹിയിലെ സി.ബി. ഐ ആസ്ഥാനത്ത് സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങളടങ്ങിയ വിഞ്ജാപനം പൊടിപിടിച്ചു കിടക്കുന്നത്. സി.പി. എമ്മും ബിജെപിയിലെ ഒരുവിഭാഗവുംതമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് സി.ബി. ഐ അന്വേഷണം അട്ടിമറിച്ചതെന്നാണ് ബിജെപിക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന ആരോപണം. കെ.ടി ജയകൃഷ്ണന്റെ കൊലപാതകത്തിന് ദൃക്സാക്ഷിയായ അന്നത്തെ ആറാംകൽസ് വിദ്യാർത്ഥിനി ഷെസീന(34) കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു.

ഇതിനു പിന്നാലെ കേസ് സിബി. ഐ അന്വേഷിക്കണമെന്ന് ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്നു ക്ലാസിലുണ്ടായിരുന്ന 16 കുട്ടികൾ ഇപ്പോഴും മാനസിക സംഘർഷം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി. ഐ അന്വേഷണമാവശ്യപ്പെട്ടത്. സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. സി.ബി. ഐ തയ്യാറാകുന്നില്ലെങ്കിൽ ജയകൃഷ്ണന്റെ കുടുംബമോ മാനസിക സംഘർഷത്താൽ ജീവിതം നശിച്ചവരോ ആവശ്യപ്പെട്ടാൽ നിയമസഹായം നൽകുമെന്നു കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജും ആവശ്യപ്പെട്ടു. ഇതോടെ ബിജെപി സമ്മർദ്ദത്തിലായിരിക്കുകയാണ്.

ജയകൃഷ്്ണൻ മാസ്റ്റർ വധക്കേസിന്റെ അന്വേഷണം ഇതുവരെ സിബിഐക്ക് കൈമാറാത്തത് ബിജെപിക്കുള്ളിൽ നിന്നും അതൃപ്്തി പടരുന്നുണ്ട്.കേന്ദ്ര നേതൃത്വത്തിന് പ്രാതി നൽകാനാണ് ഒരുവിഭാഗം നേതാക്കളുടെ തീ്രുമാനം, ഇതിനായി പ്രധാനമന്ത്രിയെ ഉൾപ്പെടെ കാണാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വിവാദങ്ങൾ കത്തുമ്പോഴും പ്രതിസ്ഥാനത്തു നിൽക്കുന്ന സി,പി. എം മൗനം പാലിക്കുകയാണ് നാഴികയ്ക്കു നാൽപതുവട്ടം വാർത്താസമ്മേളനം വിളിക്കുന്ന സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയ്‌രാജൻ ഉൾപ്പെടെയുള്ളവർ മൗനംപാലിക്കുകയാണ്.