- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രണയബന്ധത്തെ എതിര്‍ത്ത അമ്മയെ കൊലപ്പെടുത്തിയത് വിവാഹിതയായ മകളും 20-കാരനായ കാമുകനും; ജയലക്ഷ്മി ശ്വാസംമുട്ടി മരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി; ജീവിതത്തിന് തടസമാകരുതെന്ന് കരുതി ചെയ്തതെന്ന് മകള്‍
ജയലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ബെംഗളൂരു: കര്‍ണാടകയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും മകളുടെ കാമുകനും അറസ്റ്റിലായി. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരും കുറ്റം സമ്മതിച്ചതായും പ്രണയബന്ധത്തെ ജയലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ കുളിമുറിയില്‍ വീണെന്നും തുടര്‍ന്ന് ബോധരഹിതയായെന്നുമാണ് മകള്‍ പറഞ്ഞിരുന്നത്. കുളിമുറിയില്‍ വീണ അമ്മയെ പിന്നീട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാല്‍, ഉടന്‍ മരണം സംഭവിച്ചെന്നുമായിരുന്നു പവിത്ര പോലീസിന് നല്‍കിയ മൊഴി. ഇതോടെ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുംചെയ്തു. എന്നാല്‍, വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. കൊലപാതക സംശയം വിരല്‍ചൂണ്ടുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതോടെ പോലീസിന് സംശയം ബലപ്പെട്ടു. ഇതോടെയാണ് മകളുടെ മൊഴിയില്‍ സംശയം ഉണ്ടായതും. പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
പവിത്രയും കാമുകനും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പവിത്ര വീടിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവറായി ജോലിചെയ്യുന്ന ലൗവ്ലിഷിന് ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള മുറി വാടകയ്ക്ക് നല്‍കി. തുടര്‍ന്നാണ് ജയലക്ഷ്മിയുടെ മകളായ പവിത്രയും ലൗവ്ലിഷും അടുപ്പത്തിലാകുന്നത്. എന്നാല്‍, ഇവരുടെ പ്രണയത്തെ ജയലക്ഷ്മി എതിര്‍ത്തു.
ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് പലതവണ മകളോട് പറഞ്ഞു. പക്ഷേ, അമ്മയുടെ എതിര്‍പ്പ് മറികടന്ന് പവിത്ര ലൗവ്ലിഷുമായുള്ള ബന്ധം തുടര്‍ന്നു. തുടര്‍ന്നാണ് തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ജയലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.