ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരവേ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങളു പുറത്തുവന്നു. ജയലളിതയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജുഡീഷ്യൽ കമ്മിഷൻ നിർദേശിച്ചു. ജയലളിതയുടെ തോഴി ശശികലയിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ റിപ്പോർട്ട്. അവസാന കാലത്ത് ജയലളിതയും തോഴി ശശികലയും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് മരണം അന്വേഷിച്ച ജസ്റ്റിസ് ആറുമുഖസാമി കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

കമ്മിഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചിട്ടുണ്ട്. ജയലളിതയുടെ മരണത്തിൽ തോഴി ശശികല, ജയലളിതയുടെ പഴ്സണൽ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ.ശിവകുമാർ, ചീഫ് സെക്രട്ടറി ഡോ. രാമ മോഹന റാവു, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കർ, അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് എ.അറുമുഖസാമി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 608 പേജുള്ളതാണ് റിപ്പോർട്ട്.

2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ജയലളിതയുടെ മരണത്തിൽ വിവാദമുയർന്നതോടെ 2017ൽ അന്നത്തെ എഐഎഡിഎംകെ സർക്കാരാണ് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയായ അറുമുഖസാമിയുടെ നേതൃത്വത്തിലുള്ള് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ 2016 ഡിസംബർ 5 തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത 68-ാം വയസ്സിലാണ് അന്തരിച്ചത്. 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ രോഗവിവരം ആശുപത്രി പുറത്തു വിട്ടിരുന്നില്ല. ജയലളിതയുടെ മരണത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്റ്റാലിൻ അറിയിച്ചിരുന്നു.

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് ആറുമുഖസാമിയെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചത്. എന്നാൽ തുടക്കം മുതൽ കമ്മിഷനുമായി ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി മാനേജ്മെന്റ് സഹകരിച്ചിരുന്നില്ല. മെഡിക്കൽ വിദഗ്ധരില്ലാതെ കമ്മിഷനുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. മുൻ മുഖ്യമന്ത്രിയെ ചികിത്സിച്ച മുറികളിലെ സിസിടിവി ക്യാമറകൾ നീക്കിയതും വിവാദമായിരുന്നു.

മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം അടക്കം അറുമുഖസ്വാമി കമ്മീഷന് മുമ്പിൽ മൊഴി നൽകിയിരുന്നു. ആരോഗ്യ നില മോശമായതിനെത്തുടർന്നാണ് 2016 സെപ്റ്റംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിനു ജയലളിത അന്തരിച്ചു. ഇതിനിടെ, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. ഹൃദയസ്തംഭനമാണു മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി.കെ.ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് അന്നത്തെ അണ്ണാഡിഎംകെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ തുറന്നടിച്ചിരുന്നു.

ശശികലയെ പേടിച്ചു താനുൾപ്പെടെയുള്ള മന്ത്രിമാർ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതായും ശ്രീനിവാസൻ വെളിപ്പെടുത്തി. ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിവിധ കോണുകളിൽനിന്ന് അഭിപ്രായ പ്രകടനങ്ങളുയർന്നിരുന്നു. എല്ലാ ആരോപണങ്ങളും വിരൽ ചൂണ്ടിയതു ശശികല കുടുംബത്തിനു നേരെയാണ്. എന്നാൽ, അപ്പോളോ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങളെല്ലാം നിഷേധിച്ചു. ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഒ.പനീർസെൽവത്തിന്റെ (ഒപിഎസ്) പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണമായിരുന്നു.

ഒപിഎസ്-ഇപിഎസ് (എടപ്പാടി പളനിസാമി) ലയനത്തിനു വഴിയൊരുക്കി പിന്നീട് സർക്കാർ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അങ്ങനെയാണ് ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷൻ ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാനെത്തിയത്. ജയലളിതയെ കൊല്ലാൻ തോഴി ശശികല സ്ലോ പോയിസനിങ് നൽകി എന്നായിരുന്നു 2012 ഫെബ്രുവരി ലക്കത്തിൽ തെഹൽക്ക പുറത്തുവിട്ട വിട്ട വാർത്ത. മലയാളി കൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ ജീമോൻ ജേക്കബായിരുന്നു കോളിളക്കം സൃഷ്ടിച്ച ഈ വാർത്ത പുറത്തു കൊണ്ടുവന്നത്. ജയയുടെ മരണത്തോടെ ഈ പഴയ റിപ്പോർട്ട് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു.

അമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ജയലളിതയെ പരിചരിക്കാനായി ശശികലയും ചുരുക്കം ചില വിശ്വസ്തരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ജീമോൻ ജേക്കബിന്റെ തെഹൽക്കയിലെ റിപ്പോർട്ട് അന്ന് വീണ്ടും ചർച്ചയായത്. അന്ന് തെഹൽക്കയുടെ ദക്ഷിണേന്ത്യൻ ഇന്ത്യൻ മേധാവിയായിരുന്നു മലയാളി മാധ്യമ പ്രവർത്തകൻ. അന്ന് ദ്രാവിഡ പാർട്ടികളിലെ ഉള്ളുകളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച വ്യക്തിയായിരുന്നു ജീമോൻ ജേക്കബ്. ഇതിൽ ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആ ബന്ധത്തിൽ അപ്രതീക്ഷിതമായ വന്ന ഉലച്ചിലിനെ കുറിച്ചുമായിരുന്നു ജീമോന്റെ സമഗ്രലേഖനം. ജയലളിതയെ ശശികല വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന വാർത്തയിലേക്ക് നയിച്ച അന്വേഷണം ശശികലയെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കിയതായിരുന്നു.

2012 ൽ ജയലളിത തന്റെ തോഴിയായ ശശികലയെയും കൂട്ടാളികളെയും പുറത്താക്കിയത്. ഇതിന് പിന്നാലെ കാരണങ്ങൾ എന്തായിരുന്നു എന്നതായിരുന്നു തെഹൽക്ക അന്വേഷിച്ചത്. ഇതിന് വേണ്ടി തമിഴ്‌നാട്ടിൽ പോയി 20 ദിവസത്തോളം ചെന്നൈയിലും ശശികലയുടെ നാടായ മന്നാർ ഗുഡിയിലും താമസിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. ജയലളിതയെ കൊല്ലാൻ തോഴി ശശികല പതിയെ കൊല്ലുന്ന വിഷം നൽകി എന്ന വിധത്തിലുള്ള സൂചന നൽകിയത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങൾ തന്നെയായിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രിമാരും എംഎൽഎമാരും ഒക്കെയുണ്ട്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയിലും വലിയ അധികാര കേന്ദ്രമായി ശശികല മാറുന്ന വിധത്തിൽ ചില ഇടപെടൽ നടത്തിയപ്പോഴായിരുന്നു പുറത്താക്കലും ആ വിവരം മാധ്യമങ്ങൾക്ക് ലഭിക്കുന്നതും. എന്നാൽ, പുറത്താക്കിയ ശേഷം മുപ്പത് ദിവസങ്ങൾക്ക് ശേഷം ശശികലയെ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന് മരിക്കും വരെ അവർ ജയക്കൊപ്പം ഉണ്ടായിരുന്നു താനും.