കൊച്ചി: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രമുഖ നടന്‍ ജയറാമിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സാക്ഷിയാക്കാനോ? അടുത്ത ചൊവ്വാഴ്ച (ഫെബ്രുവരി 17) കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് താരത്തിന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ജയറാമിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീര്‍ഘകാലത്തെ ബന്ധത്തെക്കുറിച്ചും വ്യക്തത തേടാനാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കം.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ പതിപ്പിക്കാനുള്ള സ്വര്‍ണ്ണപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് താരത്തിന് വിനയായത്. ഈ സ്വര്‍ണ്ണത്തിന്റെ ഉറവിടം എവിടെയാണെന്നും ഇതിന് പിന്നില്‍ വന്‍തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയില്‍ പോയി ചോദ്യം ചെയ്തിരുന്നുവെങ്കിലും, കേസില്‍ സാക്ഷിയാക്കാനായിരുന്നു പോലീസിന്റെ നീക്കം.

എന്നാല്‍ സാമ്പത്തിക ക്രമക്കേടുകള്‍ കൂടി അന്വേഷിക്കുന്ന ഇഡി രംഗത്തെത്തിയതോടെ ജയറാമിന്റെ പങ്ക് കൂടുതല്‍ ഗൗരവകരമായി മാറിയിരിക്കുകയാണ്. അതിനിടെ സാക്ഷിയായി ആണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി ജയറാം സഹകരിക്കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ഒരു അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ മാത്രമാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നുമാണ് ജയറാം പോലീസിന് നല്‍കിയ മൊഴി.

വീട്ടില്‍ നടന്ന പൂജ ഒരു വിശ്വാസി എന്ന നിലയില്‍ മാത്രമായിരുന്നുവെന്നും സ്വര്‍ണ്ണം എവിടെ നിന്ന് വന്നുവെന്നോ എങ്ങോട്ട് പോയെന്നോ തനിക്കറിയില്ലെന്നും ജയറാം വാദിക്കുന്നു. എന്നാല്‍, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ജയറാമിന് ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് ഇഡി. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ലാഭം ജയറാമിലേക്ക് എത്തിയിട്ടില്ലെന്ന് ഇഡിയും തിരിച്ചറിയുന്നുണ്ട്.