അടൂർ: നായയെ ബ്രീഡ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് കാപ്പ കേസ് പ്രതിയെ മറ്റ് മൂന്നു കാപ്പകേസ് പ്രതികൾ വീട്ടു തടങ്കലിലാക്കി മർദിച്ചുവെന്ന് പരാതി. മർദനമേറ്റ് അവശനിലയിലായ യുവാവിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു. ഇയാൾ ആശുപത്രിയിൽ ചികിൽസയിൽ. ആശുപത്രി അധികൃതർ പൊലീസിന് വിവരം കൈമാറി. മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യും.

കണ്ണൂർ സ്വദേശിയായ കാപ്പ കേസ് പ്രതി ജെറിൻ ടി. ജോർജി(24)നാണ് മർദനമേറ്റിരിക്കുന്നത്. കാപ്പ കേസ് പ്രതികളായ വിഷ്ണു വിജയൻ, ഏനാദിമംഗലം ഒഴുകുപാറ വടക്കേച്ചരുവിൽ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരും ശ്യാം എന്നയാളും ചേർന്ന് അതിക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സൂര്യലാലിന്റെയും ചന്ദ്രലാലിന്റെയും വീട്ടിൽ വച്ചാണ് മർദനം. വാരിയെല്ലിന് പരുക്കും ജനനേന്ദ്രിയത്തിൽ പൊള്ളലുമുണ്ടെന്നാണ് ഡോക്ടർമാർ പൊലീസിന് നൽകിയ വിവരം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഏനാദിമംഗലത്ത് വീടു കയറി ആക്രമണവും പ്രത്യാക്രമണവും നടന്നിരുന്നു. സൂര്യലാലുും ചന്ദ്രലാലും ഉൾപ്പെടുന്ന സംഘം ചീനിവിള കോളനിക്ക് സമീപം വച്ച് മുളയംകോട് പറിഞ്ഞാറേ പുത്തൻവീട്ടിൽ ശരൺ മോഹനെയും ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു. വഴിത്തർക്കത്തിന്റെ പേരിൽ നടന്ന സംഘർഷത്തിൽ പിഗ്ബുൾ ഇനത്തിൽപ്പെട്ട നായയുമായാണ് സഹോദരങ്ങൾ വന്നത്. ഇവർ നായയെ വിട്ടു കടിപ്പിക്കുകയും ചെയ്തു. ശരണിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യാക്രമണത്തിൽ തലയ്ക്ക് അടിയേറ്റ് ചന്ദ്രലാലിന്റെയും സൂര്യലാലിന്റെയും മാതാവ് സുജാത മരിച്ചു.

ഇതിന് ശേഷം വിയ്യൂർ ജയിലിൽ ആയിരുന്ന സൂര്യലാലും ചന്ദ്രലാലും അവിടെ വച്ച് പരിചയപ്പെട്ടയാളാണ് ജെറിൻ. ഈ സൗഹൃദത്തിന്റെ പേരിൽ ജനുവരി ഒന്നിന് ഒഴുകുപാറയിലെ സൂര്യലാലിന്റെ വീട്ടിൽ വന്നതാണ് ജെറിൻ. പിഗ്ബുൾ ഇനത്തിൽപ്പെട്ട നായയെ ബ്രീഡ് ചെയ്യിക്കുന്ന ബിസിനസ് തുടങ്ങാൻ വേണ്ടിയാണത്രേ ജെറിൻ ഇവിടെ വന്നത്.

സൂര്യലാലും ചന്ദ്രലാലും ജെറിനും ചേർന്ന് സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു. വിഷ്ണു വിജയനിൽ നിന്ന് നായയെ ബ്രീഡ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് 15,000 രൂപ കൈപ്പറ്റി. ബ്രീഡ് ചെയ്തു കൊടുക്കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് വീട്ടു തടങ്കലിലാക്കി മർദിച്ചത്. ജെറിനേക്കാൾ കടപ്പാട് വിഷ്ണുവിനോട് ആയതു കൊണ്ടാകണം സൂര്യലാലും ചന്ദ്രലാലും അവർക്കൊപ്പം ചേർന്നു. ദിവസങ്ങളായി പീഡനം തുടരുകയായിരുന്നുവെന്ന് പറയുന്നു.

തീർത്തും അവശനിലയിലായപ്പോഴാണ് ഇവർ ജെറിനെ ഓട്ടോറിക്ഷ വിളിച്ച് കയറ്റി വിട്ടത്. ഓട്ടോക്കാരൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശരീരം മുഴുവൻ മാരകമായ പരുക്കുള്ളതിനാൽ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് ഇന്ന് മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യും.