- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെസ്നാ കേസിൽ ഉണ്ടാകുന്നത് സമാനതകളില്ലാത്ത വെളിപ്പെടുത്തൽ
കൊച്ചി: മുക്കൂട്ടുതറയിലെ ജെസ്‌നയ്ക്ക് സംഭവിച്ചത് എന്ത്? എല്ലാ വശവും അന്വേഷിച്ചെന്നും ഇനി അന്വേഷണം മുമ്പോട്ട് കൊണ്ടു പോയിട്ടും കാര്യമില്ലെന്നുമായിരുന്നു സിബിഐയുടെ നിഗമനം. എന്നാൽ ഇതിനെതിരെ കുടുംബം രംഗത്തു വരികയാണ്. ആറു വർഷം മുൻപു കാണാതായ ജെസ്‌നയുടെ കൂടെ കോളജിൽ പഠിച്ച 5 പേരിലേക്കു സിബിഐ അന്വേഷണം എത്തിയില്ലെന്നു ജെസ്‌നയുടെ അച്ഛൻ തുറന്നു പറയുകയാണ്. ആദ്യമായാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ കുടുംബം നടത്തുന്നത്. അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്‌ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരോധാനത്തിനു മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെയാണ് അച്ഛന്റെ നിർണ്ണായക നീക്കം.
91 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്, ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജൻസികൾ, രാജ്യവ്യാപക പരിശോധനകൾ, സൈബർ ലോകത്തെ അരിച്ചുപെറുക്കൽ, എന്നിട്ടും ജെസ്ന മരിയ ജയിംസ് കാണാമറയത്താണ്. ജെസ്നയെ കണ്ടെത്താൻ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ജെസ്‌നയുടെ കുടുംബം പുതിയ വെളിപ്പെടുത്തൽ കോടതിയിൽ നടത്തുന്നത്. അഞ്ചു സുഹൃത്തുക്കളിലേക്ക് അന്വേഷണം പോയാൽ സത്യം പുറത്തു വരുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജെസ്‌നയുടെ അച്ഛന്റെ ആവശ്യം. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണം. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ 2 ആഴ്ച നൽകി. ഇതോടെ ഈ ഹർജിയിലെ വാദവും കോടതി നിലപാടും നിർണ്ണായകമാകും. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കാണു ജെസ്‌നയെ കാണാതായതെങ്കിലും ഈ സ്ഥലങ്ങളിൽ സിബിഐ പരിശോധന നടന്നില്ല. കൂടെ ഡിഗ്രിക്ക് പഠിച്ച സുഹൃത്ത് ജെസ്‌നയെ പറ്റിച്ചതായി സംശയമുണ്ട്. ജെസ്‌നയ്ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായതിനെ കുറിച്ച് അന്വേഷിച്ചില്ല. കോളജിന് പുറത്തുള്ള എൻഎസ്എസ് ക്യാംപുകൾക്ക് പോയത് അന്വേഷിച്ചിട്ടില്ല. അന്വേഷണം പരാജയമാണെന്നും ഹർജിയിൽ ആരോപിച്ചു. അതീവ ഗൗരവ സ്വഭാവമുള്ള ആക്ഷേപമാണ് അച്ഛൻ ഉയർത്തുന്നത്.
കേരള പൊലീസിന്റെ കണ്ടെത്തലുകളും സിബിഐയുടേതിന് സമാനമായിരുന്നു. 2018 മാർച്ച് 22ന് ആണ് ജെസ്‌നയെ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് 2021 ഫെബ്രുവരി 19ന് കേസ് സിബിഐക്ക് കൈമാറുന്നത്. അതും സമ്മർദ്ദങ്ങളുടെ ഫലമായുള്ള നീക്കം. മകൾ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് കുടുംബം കരുതുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതിയിൽ നിർണ്ണായക നീക്കം നടക്കുന്നത്. രാജ്യം വിട്ട് ജെസന പോകാനുള്ള സാധ്യതകളും ഇപ്പോഴും സജീവം.
മൊബൈൽ ഫോൺ വീട്ടിൽവച്ചായിരുന്നു ജെസ്ന ബസ് കയറി പോയത്. 2018 മാർച്ച് 22-ന് ജെസ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജയിംസ് വെച്ചൂചിറ, എരുമേലി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ആദ്യം വെച്ചൂചിറ പൊലീസ് അന്വേഷിച്ച കേസിൽ, തുമ്പൊന്നും കണ്ടെത്താനാകാതെ വന്നതോടെ പ്രതിഷേധമുയർന്നു. തുടർന്ന് 2018 ഏപ്രിലിൽ തിരുവല്ല ഡിവൈഎസ്‌പി ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നാൽ, ജെസ്നയെ കണ്ടെത്താനായില്ല.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ 2018 മെയ് 27-ന് മറ്റൊരു അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർന്നു. കാണാതായ ദിവസം ജെസ്നയെ ഫോണിൽ വിളിച്ച ആൺസുഹൃത്തിനെ ചോദ്യം ചെയ്യുകയും ജെസ്നയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു. പക്ഷേ, ആൺസുഹൃത്തിന് കേസിൽ റോളൊന്നുമില്ലെന്ന് പൊലീസ് മനസിലായി. ഇതോടെ കേസ് എങ്ങുമെത്താത്ത അവസ്ഥ വന്നു.