- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളുടെ തിരോധന സത്യം അച്ഛന് അറിയാം
കൊച്ചി: വിവാദമായ ജെസ്‌ന തിരോധാന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അച്ഛൻ ജെയിംസ് ജോസഫ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും പറഞ്ഞ അച്ഛൻ താൻ സത്യം കണ്ടെത്തിയെന്നും വിശദീകരിക്കുന്നു. ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവർ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു. എന്നാൽ മകൾ ഇപ്പോൾ ജീവനോടെയില്ലെന്നാണ് അച്ഛന്റെ നിലപാട്. സിബിഐയ്ക്കും പൊലീസിനും കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അച്ഛന്റെ വെളിപ്പെടുത്തലുകൾ.
ജെസ്‌ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവർ തങ്ങൾ സംശയിക്കുന്ന ജെസ്‌നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തങ്ങൾ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും താനും ടീമും ചേർന്ന് ക്രോസ് ചെക്ക് ചെയ്തു. സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങൾ അന്വേഷണം നടത്തി. കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ജെസ്‌നയുടെ അച്ഛൻ പറഞ്ഞു.
പത്തനംതിട്ടയിൽ നിന്ന് 5 വർഷം മുൻപു കാണാതായ കോളജ് വിദ്യാർത്ഥിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിടുമെന്ന പ്രതീക്ഷയിലാണ് മുക്കൂട്ടുതറയിലെ കുടുംബം. സിബിഐ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണമെന്നു കോടതി ഉത്തരവ് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. ജെസ്നയുടെ പിതാവ് ജെയിംസ് ജോസ്ഫിന്റെ ഹർജിയിലാണു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശം.
ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു ഹർജിയിൽ പറയുന്നു. 6 മാസം കൂടി സിബിഐ അന്വേഷണം നീട്ടണമെന്നാണ് പിതാവ് കോടതിയിൽ ആവശ്യപ്പെട്ടത്. സംശയമുള്ള ആളുകളെക്കുറിച്ചുള്ള തെളിവുകൾ സിബിഐക്കു കൈമാറിയിരുന്നു. ജെസ്നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജെസ്ന വീട്ടിൽ നിന്നു പോകുന്ന ദിവസവും കടുത്ത രക്തസ്രാവമുണ്ടായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയതെന്നാണ് അച്ഛൻ പറയുന്നത്.
ക്രൈംഞ്ചാഞ്ച് ഡിവൈഎസ്‌പി ഈ വസ്ത്രങ്ങൾ വീട്ടിൽ നിന്നു ശേഖരിച്ചിരുന്നു. വസ്ത്രങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചാൽ ഏതു തരം രക്തമാണു വസ്ത്രത്തിലുള്ളതെന്നു മനസിലാക്കാം. സംശയിക്കുന്ന ആളുടെ ചിത്രം ഉൾപ്പെടെ നൽകി കുടുംബം അന്വേഷണത്തെ സഹായിക്കാൻ തയാറാണ്. ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നു സിബിഐ അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകാൻ നിർദേശിച്ചത്. ഇത് കേസിൽ അതീവ നിർണ്ണായകമാകും. 19ന് ഉദ്യോഗസ്ഥൻ ഹാജരാകണം. ആ ദിവസം കൂടുതൽ തെളിവ് നൽകുമെന്നാണ് അച്ഛൻ പറയുന്നത്.
ജെസ്നയുടെ അച്ഛൻ കോടതിയിൽ കഴിഞ്ഞ ദിവസം പറഞ്ഞതും നിർണ്ണായക വിവരങ്ങളാണ്. അതായത് മകളുടെ തിരോധാനത്തിന് പിന്നിലെ നിർണ്ണായക വിവരങ്ങൾ താൻ കണ്ടെത്തിയെന്ന തരത്തിലാണ് അച്ഛന്റെ വിശദീകരണം. ഇതെല്ലാം കോടതിയുടെ നിർദ്ദേശത്തോടെ സിബിഐയ്ക്ക് നൽകിയാൽ അന്വേഷിക്കേണ്ട ബാധ്യത അവർക്കുണ്ടാകും. ഇത് ജെസ്നാ കേസിൽ നിർണ്ണായകമായി മാറുകയും ചെയ്യും.
പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തിയെന്ന് സിബിഐ മറുപടി നൽകി. തുടരന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ, പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിക്ക് വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞതോടെയാണ് ഹാജരാകാൻ ഉത്തരവിട്ടത്. ജെസ്ന ജീവനോടെയില്ലെന്ന സംശവും വിലയിരുത്തലുമാണ് കുടുംബം മുമ്പോട്ട് വയ്ക്കുന്നത്. ഇതും കേസിൽ ഇനി നിർണ്ണായകമാകും.