തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ. ജെസ്‌ന മരിയ ജെയിംസ് വീട്ടിൽനിന്ന് പോകുമ്പോൾ 60,000 രൂപ കൈവശമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് സിജെഎം കോടതിയിൽ അധിക സത്യവാങ്മൂലം നൽകി. ജെസ്‌നയ്ക്ക് കോളജ് യാത്രയ്ക്കും മറ്റു ചെലവുകൾക്കും ദിവസേന പിതാവും മാതാവും പണം നൽകിയിരുന്നു. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല. സഹോദരി അവിചാരിതമായി കണ്ട ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.

ജെസ്‌നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്‌പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജെസ്‌നയുടെ 3 പഴ്‌സണൽ ഡയറികളും ഫോണും നോട്ട് ബുക്കുകളും പൊലീസ് വീട്ടിൽനിന്ന് കൊണ്ടുപോയി. സിബിഐ അന്തിമ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല. ജെസ്‌ന പിതാവിന്റെ ആൻഡ്രോയിഡ് ഫോണിൽനിന്ന് ചില പരിചയക്കാരെ വിളിച്ചിരുന്നു. പിന്നീട് ഈ നമ്പരുകൾ ഡിലീറ്റ് ചെയ്തു. ഈ നമ്പരുകൾ വീണ്ടെടുക്കണമെന്നും ആവശ്യപ്പെടുന്നു.

ചില മേഖലകളിൽ സിബിഐ അന്വേഷണം നടത്തിയില്ല. ലോട്ടറി വിൽപ്പനക്കാരൻ ജെസ്‌നയെ കണ്ടതായി പറഞ്ഞെങ്കിലും സിബിഐ ചോദ്യം ചെയ്തില്ല. ജെസ്‌നയുടെ സുഹൃത്തുക്കളെയും മുറിയിൽ കൂടെ താമസിച്ചവരെയും കൃത്യമായി ചോദ്യം ചെയ്തിരുന്നെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമായിരുന്നു. ആറുമാസം കൂടി സിബിഐ ഈ കേസ് അന്വേഷിക്കണമെന്നും കുടുംബം പരാതിയായി ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും അധിക സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

അതിനിടെ ജെസ്‌ന തിരോധാന കേസിൽ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്ന് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചു. ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ കോടതിയിൽ തള്ളിയിരുന്നു. രക്തക്കറ പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗർഭിണി ആയിരുന്നില്ലെന്നും നിപുൽ ശങ്കർ കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതിയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്.

സിബിഐ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നില്ലെന്ന് ജസ്‌നയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും മൊഴിയെടുത്തിരുന്നതായി നിപുൽ ശങ്കർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അധിക സത്യവാങ്മൂലം ജെസ്‌നയുടെ അച്ഛൻ നൽകിയത്. തിരോധാന കേസുമായി ബന്ധപ്പെട്ട് പിതാവ് ജയിംസ് ജോസഫിന്റെ ആരോപണങ്ങൾ അനുമാനവും സംശയങ്ങളും മാത്രമാണെന്ന് സിബിഐയുടെ കൗണ്ടർ സത്യവാങ്മൂലം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി ബി ഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.

ജയിംസ് ജോസഫിന്റെ ഹർജിയിലെ ആരോപണങ്ങൾ അടക്കം സിബിഐ അന്വേഷണം നടത്തിയിരുന്നു. വ്യക്തമായ തെളിവുകൾ, വിവരങ്ങൾ എന്നിവ ശേഖരിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് സിബിഐ വിശദീകരണത്തിൽ പറയുന്നത്. ജസ്‌നയെ കൂടെ പഠിച്ച സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തു എന്നത് ആരോപണം മാത്രമാണ്. ജസ്‌നയെ പരിശോധിച്ച ഡോ. ലിസമ്മ ജോസഫിന്റെ മൊഴിയനുസരിച്ച് ജസ്‌ന ഗർഭിണി ആയിരുന്നില്ല. സ്‌കൂൾ, കോളജ് കാലയളവിൽ ജസ്‌ന അവരുടെ അദ്ധ്യാപകരോട് പോലും കൂടുതൽ സംസാരിക്കാറില്ല. ജസ്‌ന പോയിരുന്ന എൻഎസ്എസ് ക്യാമ്പുകളിൽ അന്വേഷണം നടത്തിയിരുന്നു. കൃത്യതയോട് കൂടി തന്നെയാണ് അന്വേഷണം പൂർത്തിയാക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതിനിടെ, കേസിൽ കക്ഷി ചേരണം എന്ന് ആവശ്യപ്പെട്ട് സമൂഹ്യ പ്രവർത്തകൻ രഘുനാഥൻ നായരുടെ ഹർജിയിൽ വാദം കേട്ടു. അന്വേഷണഘട്ടത്തിൽ ഇദ്ദേഹത്തിന്റെ മൊഴി എടുത്തതായും മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമല്ലെന്നും ആവശ്യമായ തെളിവ് ഇല്ലാത്തതിനാലുമാണ്? ഇയാളെ ഒഴിവാക്കിയതെന്നും? കേസ് ഡയറി കോടതിയിൽ ഹാജരാക്കി സിബിഐ വാദിച്ചു. 2018 മാർച്ച് മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാർത്ഥിനിയായ ജസ്‌നയെ കാണാതായത്.